Saturday, May 16, 2009

പാതി വഴിയിലൊരു വാക്ക്‌...!!

പാതി വഴിയിലൊരു വാക്ക്‌...!!



ഒരു വാക്കിനിരു പുറവും
ഒരു കടത്തു തോണിയ്ക്കായ്‌
വലിയൊരു കാത്തിരിപ്പ്‌..
തുഴയറിയാ പുഴ
ആ വാക്കിനെ വിഴുങ്ങി
വെള്ളത്തില്‍ മുങ്ങിയും
പൊങ്ങിയും അത് നീന്തി..

കര പറ്റിയപ്പോള്‍ പലരും
അതിനെ കടമെടുത്തു.
കടം കൊണ്ടവര്‍ വില പോലും
നോക്കാതെ തൂക്കിവിറ്റു...
ഒരു മുഷിഞ്ഞ വീഞ്ഞപെട്ടിയില്‍
കിടന്നു തുരുമ്പെടുത്തു.

ഒരിക്കലും മിണ്ടാതെ...
ജീര്‍ണിച്ചു മരിക്കാന്‍ കൊതിച്ചു....
അപ്പോളും അക്കരെ കടക്കാന്‍
ആള്‍ക്കാര്‍ വാക്കിനെയും കാത്തിരിന്നു.....

നാട് കടത്തലിന്റെ രാഷ്ട്രീയം ...


എവിടെയോ ഒക്കെ ഉണ്ടെന്ന ഒരു രേഖപ്പെടുത്തല്‍
ഒരുപക്ഷെ അതാവും ജീവിതം..

ഒരു നേര്‍ രേഖയ്ക്ക് ഇരുപുറവും
പലപ്പോളും നമുക്ക്‌ സഞ്ചരിക്കേണ്ടി വരുന്നു...
ഒരിക്കലും കൂട്ടി മുട്ടാത്ത തീവണ്ടി പാളങ്ങളെ പോലെ
ഒരേ രേഖയില്‍ ഒരിക്കലും വരാതെ ....
എന്താണ് എവിടെയാണ് കൂട്ടിമുട്ടുക?

ഒരിക്കലും കൂടി ചേരാത്ത ആശയങ്ങള്‍
എവിടെയൊക്കെയോ കുഴഞ്ഞു മറിഞ്ഞു...
എവിടെ നിന്നോ വന്നു എങ്ങോട്ടോ പോവുന്ന
ഒരു തീവണ്ടി പോലെ..

ആരോടും ഒന്നും പറയാതെ
എവിടെയും ഒരു രേഖ പോലും അവശേഷിപ്പിക്കാതെ..

ഒരു തിരിച്ചു നടത്തം....
മുന്നോട്ടു പോവുന്നതിനെക്കാള്‍ നല്ലത്
എപ്പോളും പിറകോട്ടു നടക്കുന്നതാണ്...

അങ്ങനെയല്ലെങ്കില്‍ അവര്‍
നമ്മളെ വിഡ്ഢിയെന്നു മുദ്ര കുത്തി
മൊട്ടയടിച്ചു പുള്ളികുത്തി
കഴുതപ്പുറത്ത് കയറ്റി
നാട് കടത്തും...

മണ്ണാംകട്ടേം കരിയിലേം....!!





അതേ
മണ്ണാംകട്ടേം കരിയിലേം തന്നെ
പിന്നേം കാശിക്കു പോയി...

ഇനീം

കാറ്റിനേം
മഴയെയും ഒക്കെ പേടിച്ചാല്‍ എങ്ങന്യാ...?

അങ്ങനെയങ്ങനെയങ്ങനെ...
കരിയില
കാറ്റിനെ
വിഴുങ്ങി

മണ്ണാംകട്ട
മഴയെ
കുടിച്ചും
വറ്റിച്ചു...

കൂയ്...!!!

അടുപ്പം




നിന്‍റെ കൈത്തലം തരിക
അതില്‍ മുറിഞ്ഞും തെളിഞ്ഞും കിടക്കുന്ന
രേഖകളുടെ ഭാവിയിലൂടെ നമുക്ക്
നമ്മില്ലേക്ക് സഞ്ചരിക്കാം...
അടുപ്പങ്ങളില്‍ നിന്നും അകലങ്ങളിലേക്ക്
എത്ര ദൂരം.???
അവയെ എന്ത് വെച്ച്
അളന്നെടുക്കാന്‍ പറ്റും.??
അറിയാത്ത കാര്യങ്ങളെ അറിയുവാന്‍ നീയോ ഞാനോ ശ്രമിച്ചിരുന്നോ...
ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ എല്ലാം ഒരു പാടായി അവശേഷിക്കുന്നു ...


സ്നേഹം
ഗൌരി

ജീവിതം


തികച്ചും അകസ്മികങ്ങളായ തിരിഞ്ഞു മറിയലുകള്‍ ആവണം ഒരു പക്ഷെ ജീവിതത്തെ അത്രയ്ക്ക് സുന്ദരമാക്കുന്നത്. ഒരു പക്ഷെ അതിലേറെ അകസ്മികങ്ങളായ വലിയ വലിയ നഷ്ടങ്ങളുടെ കുറവ് തീര്‍ക്കുന്നതും.
മരുഭൂമിയില്‍ ഒറ്റപെട്ടവര്‍ക്ക് മഴ, ഒരു പക്ഷെ ആകാശത്തിനും ഭൂമിക്കും ഇടയില്‍ നഷ്ടപ്പെട്ട് പോകുന്ന ചില നാരുകളാണ്.
പക്ഷെ പൊടുന്നനെ പേമാരിയില്‍ കുതിര്‍ന്നു പോകും പോലെയാണ് ചില കണ്ടതെലുകള്‍.
എന്ത്?
എന്താണ് പകരം വെയ്ക്കനാവുക?
എല്ലാത്തിനും....

എന്‍റെ.


എനിക്ക് ഇഷ്ടമാണ് നിന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറ്റയ്ക്കിരുപ്പിന്റെ താളങ്ങള്‍ അതെന്നില്‍ സംഗീതം പൊഴിച്ചപ്പോള്‍ നിന്‍റെ താളുകളില്‍ ആണ് ഞാന്‍ ജീവിച്ചിരുന്നത്. ഒരു പ്രണയം അതിന്‍റെ എല്ലാ സാധ്യതകളും നമുക്കിടയില്‍ മുള പൊട്ടിയിരുന്നു. പക്ഷെ എന്‍റെ ഭീരുത്വം... അതെന്നെ നിന്നില്‍ നിന്നും അകറ്റി നിര്‍ത്തുന്നു... ഞാന്‍, എന്‍റെ ചിന്തകള്‍, ഞാന്‍ ഒരുപാടു പ്രണയിച്ച കഥാപാത്രങ്ങള്‍ .. ന്യൂട്ടണ്‍ ടെ ചലന നിയമങ്ങളില്‍ ആണ് ഞാനും നീയും വിശ്വസിക്കേണ്ടത്.. നമ്മളും യാത്ര തുടങ്ങേണ്ടിയിരിക്കുന്ന്നു...ഒളിയിടങ്ങള്‍ ഒരിക്കലും നമുക്കായി ജന്മം എടുക്കുന്നില്ല... എനിക്ക് അഭയം നീയാണ് ഞാന്‍ നിനക്ക് അതായി തീരുമ്പോള്‍.. സത്യമാണത്.... ഞാനും നീയും പങ്കു വെച്ച നിമിഷങ്ങളില്ലൂടെ എനിക്ക് കിട്ടിയ ശക്തികള്‍ അതെന്‍റെ ദൌര്‍ബല്യങ്ങളെ തുടച്ചു നീക്കുന്നു.. നമ്മുടെ പ്രണയം.. അതിനു പല ഭാവങ്ങള്‍ അതിന്ടെതായ ഭാവ വ്യത്യാസം .. അങ്ങനെ എപ്പോഴെന്നറിയില്ല പുറത്ത് ഇരുട്ട് വ്യാപിക്കുമ്പോള്‍ മനസില്ലേക്ക് വെളിച്ചം കയറി വരാന്‍ വേണ്ടി ഞാന്‍ നിന്നെ പ്രണയിക്കും ഇനിയുമിനിയും.... നിന്‍റെ കൈവിരലുകള്‍ എന്‍റെ കണ്ണ്‍ പീലികളോട് കഥകള്‍ പറയുന്ന കാലം... അന്ന് ഞാന്‍ നിന്റെതായിരിക്കും.

എന്റെ പ്രണയലേഖനങ്ങള്‍ തുടച്ച (2)


നിനക്ക് ,

ഇവിടെ ഇപ്പോള്‍ മഴ പെയ്തു കൊണ്ടിരിക്കുന്നു. ഓരോ മഴയും നിന്നെയാണ് എന്നില്ലെത്തിക്കുന്നത്. മഴയുടെ മണത്തിനു നിന്റെ സാമീപ്യം നല്കാന്‍ കഴിയുംമെന്നത് ഞാന്‍ അറിയുന്നത് ഇപ്പോഴാണ്‌; നീയെന്റെ അരികില്‍ ഇല്ലാത്ത ഈ മഴക്കാല രാത്രികളില്‍.
എഴുതണം എന്നത് ഒരിക്കല്‍ പോലും നമ്മള്‍ ചിന്തിക്കാത്ത കാര്യമായിരുന്നു. കോളേജിലെ ക്ലാസ് കഴിഞ്ഞ അവസാന ദിവസം എഴുതാം എന്ന് പറയാതെയാണ് നാം യാത്ര പറഞ്ഞത്. എന്നിട്ടും എനിക്ക് ആദ്യം വന്ന കത്ത് നിന്റെതാണ് എന്ന് ഞാന്‍ അറിഞ്ഞിട്ടു വര്‍ഷങ്ങള്‍ ഏറെയാവുന്നു. മഞ്ഞുരുകുന്ന മരം പെയ്യുന്ന ഓരോ പ്രഭാതങ്ങളും എനിക്ക് തരുന്നത് നിന്നെകുറിച്ചുള്ള ഓര്‍മകളാണ്.
ഇപ്പോള്‍ ഒരുപാടായി നമ്മള്‍ കണ്ടിട്ട് . എന്റെയും നിന്റെയും അക്ഷരങ്ങള്‍ നമ്മള്‍ പോലുമറിയാതെ നമ്മുടെ മുന്നിലെത്തിയിട്ടു. ഇവിടെ ഈ ഏകാന്തതയുടെ കൂട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ അറിയുന്നു നിന്നെയെനിക്ക് വല്ലാതെ നഷ്ടപ്പെടുന്നുവെന്ന്. നഷ്ടങ്ങള്‍ക്കും നഷ്ടബന്ധങ്ങള്‍ക്കും ഇടയില്‍ നമ്മളും അന്യരായി കൊണ്ടിരിക്കയാണ്. പ്രണയം എന്നതിനെ എനിക്കൊരിക്കലും നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ എന്റെ മനസിലെ പ്രണയത്തിനു നിന്റെ മുഖമായിരുന്നു.

ഒരു പക്ഷെ ഇതെന്റെ അവസാനത്തെ എഴുത്താവും. ഇവിടെ ഈ പെയു‌ന്ന മഴ ശരിക്കും എന്റെ ചോരയുടെ ചാറ്റല്‍ മഴയാണ്. കടം തരാന്‍ ആരും ഇല്ലാതെ ഒരു കടലാസുകുട എനിക്കും ലഭ്യമാവില്ല എന്ന തിരിച്ചറിവ് എന്റെ മനസിനെ ദുര്‍ബലയാക്കുന്നു.
മൗനമായി നിന്നപ്പോഴാണ് എന്റെ മനസ് വാചാലമായത്. അന്ന് നീയൊരിക്കല്‍ പോലും ചോദിച്ചില്ല എന്താണ് എന്റെ മൗനത്തിന്റെ കാരണമെന്ന്‌.
യാത്ര പറഞ്ഞു പിരിയുമ്പോള്‍ നീ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇപ്പോഴും എന്റെ കൂടെ ചേര്‍ത്തിട്ടുണ്ട്. ഇവിടെ മഴകള്‍ നിറങ്ങള്‍ ആയും മഴവില്ലുകള്‍ ആയും പെയ്യുന്നു. കാലങ്ങള്‍ ഏറെയായി നമ്മള്‍ ഒരുമിച്ചു മഴ കണ്ടിട്ട്. ഇപ്പോഴും ഞാന്‍ ഒരു യാത്ര മനസ്സില്‍ കാണുന്നുണ്ട് . പണ്ട് നമ്മള്‍ ഒരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളുടെ വെളുത്ത പുറങ്ങളിലേക്ക് അക്ഷരങ്ങളായി പുനര്‍ജനിക്കുന്ന ഒരു യാത്ര.
നീയെഴുതണം എനിക്ക് എത്രയും പെട്ടെന്ന്. മരിച്ചു പോവാത്ത നിന്റെയും എന്റെയും അക്ഷരങ്ങളിലൂടെ നമുക്ക് ജീവിക്കണം. പറഞ്ഞു തീരാത്ത കഥകളുടെയും എഴുതി തീരാത്ത കവിതകളുടെയും ഒരു വലിയ ലോകം നിനക്കായി ഞാന്‍ ഇവിടെ കാത്തു വെച്ചിട്ടുണ്ട്.
നീയറിയുന്നുവോ മഴയിവിടെ ഒരു നേര്‍ത്ത രേഖയായി രൂപാന്തരണം പ്രാപിച്ചു തുടങ്ങിയിരിക്കുന്നു. ഇനി വീണ്ടും അഗ്നി പൂക്കുന്ന പകലുകളുടെ ആവര്‍ത്തനം. അപ്പോഴേക്കും നിന്റെ കത്തുകള്‍ എന്നെയും തേടി യാത്ര ആരംഭിച്ചിട്ടുണ്ടാവും എന്ന തിരിച്ചറിവിലേക്ക് ഞാനും എത്താം.

സ്നേഹം
ഗൌരി

Friday, May 1, 2009

പോകാന്‍ ദൂരം ഒരുപാടില്ലാത്ത ഒരു സ്ഥലം...



പോകാന്‍ ദൂരം ഒരുപാടില്ലാത്ത
ഒരു സ്ഥലം

എവിടെയോ ആരൊക്കെയോ പലായനം
ചെയ്തതിന്റെ അവശേഷിപ്പുകള്‍

തിരിച്ചു വരവിന്റെ പാതയില്‍
ഒരിക്കലും അറിയാത്ത മുഖങ്ങള്‍
പലായനം ഒരിക്കല്‍ നമ്മില്‍ നിന്ന്
തന്നെയാവുന്നു...

ആര്‍ക്കും ആരോടും ഒന്നും പറയാതെ
ഒളിച്ചോടാന്‍ ഒരുപാടു സ്ഥലങ്ങള്‍

നമ്മളില്‍ നിന്നും നമ്മളിലേക്ക്
ഓടി എത്താന്‍ ഒരുപാടു ദൂരം....

ആശുപത്രി വരാന്തകളില്‍ ....




സ്വന്തം കുഞ്ഞിനു മരുന്ന് വാങ്ങാന്‍
വേണ്ടി തന്നെ തന്നെ വിറ്റ ഒരമ്മ ...

ഭര്‍ത്താവിന്റെ ജീവനു വേണ്ടി
ഡോക്ടറുടെ കൂടെ പോയ ഭാര്യ..

മരുന്നിനു കാശില്ലാതെ
അച്ഛന്റെ മരണം പ്രാര്‍ത്ഥിച്ച മകന്‍ ...

സ്വന്തം കുഞ്ഞുങ്ങളെ കൊലപെടുതിയിട്ടു
അവരുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍
റേഡിയോ ഉറക്കെ തുറന്നു വെച്ച മറ്റൊരമ്മ ...

ഒരുമിച്ചു കളിച്ചു ചിരിച്ചു
ഒരേ ആദര്‍ശങ്ങള്‍ പങ്കു വെച്ച
സുഹൃത്തിന്റെ കളികള്‍ തീരാത്ത
മലച്ച കണ്ണ് ...

നാടകത്തില്‍ ജീവിച്ച മറ്റൊരു കൂടുകാരന്റെ
വിധിയുടെ അവസാനത്തെ നാടകം...

അമ്മേ..
ഇനി എന്താവും എന്നെയും
കാത്തിരിക്കുന്നത്‌?


( പ്രിയപ്പെട്ട ജോയല്‍ , അരുണ്‍ നിങ്ങള്‍ ഇവിടെ എവിടെ ഒക്കെയോ ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കട്ടെ..)