Sunday, July 11, 2010


മഴക്കാലം
മഴക്കാലം എന്നും എനിക്ക് ഒരു പനിക്കാലം ആയിരുന്നു. ഓര്‍മകളില്‍ എന്നും എന്നെ നനച്ചു പോയ ഒരുപാട് മഴക്കാലങ്ങള്‍.... കുട്ടിക്കാലത്തെ മഴക്കാലങ്ങള്‍.... എന്നും നരച്ച മേഘങ്ങളെ നോക്കി നരച്ചു പോയ ഒരു ജീവിതം....


മഴ അതെന്നും എന്റെ കൂടെ ഉണ്ടായിരുന്നു... നഴ്സറി ക്ലാസ്സുകളില്‍ മഴ പെയ്യാന്‍ വേണ്ടി ഒരുപാട്‌ ആശിച്ചിട്ടുണ്ട്... എന്റെ പുള്ളികുടയും ചൂടി ഏതൊക്കെയോ വഴികളിലൂടെ യാത്ര ചെയ്തിട്ടുമുണ്ട്... പിന്നെ സ്കൂളിലെ മഴക്കാലങ്ങള്‍ ഒരിക്കലും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.. ഒരിക്കല്‍ പോലും യൂണിഫോം നനയ്ക്കുന്ന ഒരു വില്ലനായി മഴ കടന്നു വന്നിട്ടില്ല.. മഴ കൊണ്ട് വന്നതിനു അമ്മയോട് അടി കിട്ടിയ ദിവസങ്ങള്‍ ഒരുപാടുണ്ട്... അന്നൊക്കെ മഴ എന്റെ കൂട്ടുകാരന്‍ ആയിരുന്നു... തോണിയുണ്ടാക്കാന്‍ ഞാനും അത് മുക്കി കളയാന്‍ മഴയും...


പിന്നീട് മഴ ചുരുങ്ങുകയും ഞാന്‍ വലുതാവുകയും ചെയ്തു... എന്നിട്ടും കോളേജിലെ ഇടനേരങ്ങളില്‍ അങ്ങ് ദൂരെ കുന്നിന്‍പുറത്ത് പെയ്യുന്ന മഴയെ നോക്കി നിന്ന ഒരു നല്ല കാലം... എല്ലാ ദിവസവും മഴ പെയ്യുമ്പോള്‍ കാന്റീനില്‍ നിന്നും ശങ്കരേട്ടന്റെ ചൂടുള്ള കാപ്പിയും കുടിച്ച് എന്നെ പിടിക്കാന്‍ കിട്ടില്ല എന്നാ ഭാവത്തോടെ ക്ലാസിലേക്ക്‌ ഓടി കയറുന്ന എന്റെ പിറകെ ഓടി വന്നു നനച്ച മഴ.... അറുബോറന്‍ പ്രാക്ടികള്‍ ക്ലാസ്സുകളില്‍ ലാബിന്റെ ജനലും തുറന്നു വെച്ച് മഴ കണ്ടിട്ടുണ്ട്.. എന്റെ മഴയോടുള്ള പ്രണയം അറിയാവുന്ന കൂട്ടുകാരന്‍ എനിക്ക് സമ്മാനമായ്‌ തന്നതും ഒരു മഴ പുസ്തകമാണ്... Chasing the monsoon by alexander frater. പക്ഷെ എനിക്കും മഴയെ പറ്റി അറിയാനും വായിക്കാനും എന്നും ഇഷ്ടം മലയാളം ആണ്... ഒരു മഴക്കോട്ടു പോലെ... കോളേജ് ലൈബ്രറി ക്കുള്ളില്‍ ഞാനും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും... അതൊരു മഴക്കാലം ആയിരുന്നു....

മഴയെ ഒരുപാടു പ്രണയിച്ച Victor george വെണ്ണിയായനിയിലെ ഉരുള്‍ പൊട്ടലില്‍ ലോകത്തോട്‌ യാത്ര പറഞ്ഞപ്പോള്‍ ഞാനും ഒരുപാടു വിഷമിച്ചിട്ടുണ്ട്... പിന്നീട് വിക്ടര്‍ ന്റെ മഴച്ചിത്രങ്ങള്‍ കാണാന്‍ കോഴിക്കോട് പോയതും ഒരു വേദനിപ്പിക്കുന്ന ഓര്‍മ....

ഇപ്പോള്‍ അതി രാവിലെ പോയി രാത്രി തിരിച്ചു വരുന്നതിനിടയില്‍ മഴയെ കാണാനോ അറിയാനോ പറ്റാറില്ല... ഇവിടെ മഴ ഇടയ്ക്കിടെ വന്നു മുഖം കാണിച്ചു പോകുന്ന ഒരു വിരുന്നുകാരനെ പോലെയാണ്...
രാത്രി ഏറെ നേരം വൈകി ഇറങ്ങുമ്പോള്‍ ആവും അറിയുന്നത് പുറത്തു മഴ പെയ്തിരുന്നു എന്ന് ... ഞാനും മഴയും ഒരുപാടു മാറിയിരിക്കുന്നു... എന്നാലും എന്റെ മനസ്സില്‍ ഇപ്പോളും ഞാന്‍ സൂക്ഷിക്കുന്നുണ്ട് മഴ നനയാനായി ഒരിടം...a