Friday, November 14, 2014

അമ്മ നിഴൽ


ഇരുട്ടു വെളിച്ചമാവും പോഴും
മറഞ്ഞു പോവാതെ ഒരമ്മ നിഴൽ
വരച്ച ചിത്രങ്ങളിലെ
നിറമില്ലായ്മ മായ്ച്ചു
മായജാല പെൻസിൽ
നനച്ചോടിയ മഴക്കാലത്തിന്റെ
നനവു പേറുന്ന
മഞ്ചിരട്ടകൾ
കള്ള കരച്ചിലും പൊള്ള
ദേഷ്യങ്ങൾക്കും
കുഞ്ഞടികൾക്കുമപ്പുറം
ഉറക്കം പോയ അമ്മക്കണ്ണുകൾ
നീയും ഞാനുമെന്ന
ഇരുട്ടിനും വെളിച്ചത്തിനും
അകം പുറം മറിയാൻ
ഒരു നിഴൽക്കൂത്തും..

Monday, November 10, 2014

മുറിവോര്‍മ്മകള്‍..

വഴുവഴുത്ത
ഓര്‍മ്മകള്‍ തട്ടിവീണ്‌
നെറ്റി മുറിഞ്ഞ
ഉപ്പു ചുവ..

ഉപ്പുവെള്ളത്തില്‍
മുക്കിയ തുണി
വീണ്ടും
ചുട്ടു നീറ്റുന്ന
മുറിവോര്‍മ്മകള്‍..
വഴുക്കുമെന്ന്,
വീഴുമെന്നും
നീയും ഞാനുമറിഞ്ഞിട്ടും
നമ്മളോടിയ
വഴിവഴുക്കുകള്‍.... !

Sunday, July 11, 2010


മഴക്കാലം
മഴക്കാലം എന്നും എനിക്ക് ഒരു പനിക്കാലം ആയിരുന്നു. ഓര്‍മകളില്‍ എന്നും എന്നെ നനച്ചു പോയ ഒരുപാട് മഴക്കാലങ്ങള്‍.... കുട്ടിക്കാലത്തെ മഴക്കാലങ്ങള്‍.... എന്നും നരച്ച മേഘങ്ങളെ നോക്കി നരച്ചു പോയ ഒരു ജീവിതം....


മഴ അതെന്നും എന്റെ കൂടെ ഉണ്ടായിരുന്നു... നഴ്സറി ക്ലാസ്സുകളില്‍ മഴ പെയ്യാന്‍ വേണ്ടി ഒരുപാട്‌ ആശിച്ചിട്ടുണ്ട്... എന്റെ പുള്ളികുടയും ചൂടി ഏതൊക്കെയോ വഴികളിലൂടെ യാത്ര ചെയ്തിട്ടുമുണ്ട്... പിന്നെ സ്കൂളിലെ മഴക്കാലങ്ങള്‍ ഒരിക്കലും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.. ഒരിക്കല്‍ പോലും യൂണിഫോം നനയ്ക്കുന്ന ഒരു വില്ലനായി മഴ കടന്നു വന്നിട്ടില്ല.. മഴ കൊണ്ട് വന്നതിനു അമ്മയോട് അടി കിട്ടിയ ദിവസങ്ങള്‍ ഒരുപാടുണ്ട്... അന്നൊക്കെ മഴ എന്റെ കൂട്ടുകാരന്‍ ആയിരുന്നു... തോണിയുണ്ടാക്കാന്‍ ഞാനും അത് മുക്കി കളയാന്‍ മഴയും...


പിന്നീട് മഴ ചുരുങ്ങുകയും ഞാന്‍ വലുതാവുകയും ചെയ്തു... എന്നിട്ടും കോളേജിലെ ഇടനേരങ്ങളില്‍ അങ്ങ് ദൂരെ കുന്നിന്‍പുറത്ത് പെയ്യുന്ന മഴയെ നോക്കി നിന്ന ഒരു നല്ല കാലം... എല്ലാ ദിവസവും മഴ പെയ്യുമ്പോള്‍ കാന്റീനില്‍ നിന്നും ശങ്കരേട്ടന്റെ ചൂടുള്ള കാപ്പിയും കുടിച്ച് എന്നെ പിടിക്കാന്‍ കിട്ടില്ല എന്നാ ഭാവത്തോടെ ക്ലാസിലേക്ക്‌ ഓടി കയറുന്ന എന്റെ പിറകെ ഓടി വന്നു നനച്ച മഴ.... അറുബോറന്‍ പ്രാക്ടികള്‍ ക്ലാസ്സുകളില്‍ ലാബിന്റെ ജനലും തുറന്നു വെച്ച് മഴ കണ്ടിട്ടുണ്ട്.. എന്റെ മഴയോടുള്ള പ്രണയം അറിയാവുന്ന കൂട്ടുകാരന്‍ എനിക്ക് സമ്മാനമായ്‌ തന്നതും ഒരു മഴ പുസ്തകമാണ്... Chasing the monsoon by alexander frater. പക്ഷെ എനിക്കും മഴയെ പറ്റി അറിയാനും വായിക്കാനും എന്നും ഇഷ്ടം മലയാളം ആണ്... ഒരു മഴക്കോട്ടു പോലെ... കോളേജ് ലൈബ്രറി ക്കുള്ളില്‍ ഞാനും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും... അതൊരു മഴക്കാലം ആയിരുന്നു....

മഴയെ ഒരുപാടു പ്രണയിച്ച Victor george വെണ്ണിയായനിയിലെ ഉരുള്‍ പൊട്ടലില്‍ ലോകത്തോട്‌ യാത്ര പറഞ്ഞപ്പോള്‍ ഞാനും ഒരുപാടു വിഷമിച്ചിട്ടുണ്ട്... പിന്നീട് വിക്ടര്‍ ന്റെ മഴച്ചിത്രങ്ങള്‍ കാണാന്‍ കോഴിക്കോട് പോയതും ഒരു വേദനിപ്പിക്കുന്ന ഓര്‍മ....

ഇപ്പോള്‍ അതി രാവിലെ പോയി രാത്രി തിരിച്ചു വരുന്നതിനിടയില്‍ മഴയെ കാണാനോ അറിയാനോ പറ്റാറില്ല... ഇവിടെ മഴ ഇടയ്ക്കിടെ വന്നു മുഖം കാണിച്ചു പോകുന്ന ഒരു വിരുന്നുകാരനെ പോലെയാണ്...
രാത്രി ഏറെ നേരം വൈകി ഇറങ്ങുമ്പോള്‍ ആവും അറിയുന്നത് പുറത്തു മഴ പെയ്തിരുന്നു എന്ന് ... ഞാനും മഴയും ഒരുപാടു മാറിയിരിക്കുന്നു... എന്നാലും എന്റെ മനസ്സില്‍ ഇപ്പോളും ഞാന്‍ സൂക്ഷിക്കുന്നുണ്ട് മഴ നനയാനായി ഒരിടം...a

Saturday, March 27, 2010

ആശുപത്രി വരാന്തകളില്‍ ......
സ്വന്തം കുഞ്ഞിനു മരുന്ന് വാങ്ങാന്‍
വേണ്ടി തന്നെ തന്നെ വിറ്റ ഒരമ്മ ...


ഭര്‍ത്താവിന്റെ ജീവനു വേണ്ടി
ഡോക്ടറുടെ കൂടെ പോയ ഭാര്യ..

മരുന്നിനു കാശില്ലാതെ
അച്ഛന്റെ മരണം പ്രാര്‍ത്ഥിച്ച മകന്‍ ...

സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തവെ
അവരുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍
റേഡിയോ ഉറക്കെ തുറന്നു വെച്ച മറ്റൊരമ്മ ...

ഒരുമിച്ചു കളിച്ചു ചിരിച്ചു
ഒരേ ആദര്‍ശങ്ങള്‍ പങ്കു വെച്ച
സുഹൃത്തിന്റെ കളികള്‍ തീരാത്ത
മലച്ച കണ്ണ് ...

നാടകത്തില്‍ ജീവിച്ച മറ്റൊരു കൂടുകാരന്റെ
വിധിയുടെ അവസാനത്തെ നാടകം...

അമ്മേ..
ഇനി എന്താവും എന്നെയും
കാത്തിരിക്കുന്നത്‌?


( പ്രിയപ്പെട്ട ജോയല്‍ , അരുണ്‍ നിങ്ങള്‍ ഇവിടെ എവിടെ ഒക്കെയോ ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കട്ടെ..)

ജോയലും അരുണും എന്റെ കൂടുകാര്‍ ആയിരുന്നു.. 2006 february യില്‍ heart attack വന്നു ഞങ്ങളെ വിട്ടു പോയി... 2007 september ഇല്‍ കൊച്ചിയില്‍ വെച്ച് ഒരു ബൈക്ക് അപകടത്തില്‍ അരുണും പോയി. രണ്ടു പേരും കാലിക്കറ്റ്‌ സര്‍വകലാശാല കലോല്‍സവത്തില്‍ മികച്ച നടന്‍മാര്‍ ആയി തിരഞ്ഞെടുക്കപെട്ടവര്‍ ആണ് ... എനിക്ക് നഷ്‌ടമായ എന്റെ പ്രിയപ്പെട്ട കൂടുകാര്‍...
പിന്നെ കോഴിക്കോട് കുതിരവട്ടം മെന്റല്‍ ഹോസ്പിറ്റലിലെ സെല്ലില്‍ നിന്നും എന്നെ നോക്കി പലപ്പോഴും കരഞ്ഞ വസന്ത കുമാരി എന്ന നിര്‍ഭാഗ്യവതിയായ അമ്മ... മനസിന്റെ പിടി വിട്ട ഏതോ നിമിഷങ്ങളില്‍ അവര്‍ തന്നെ കൊന്ന സ്വന്തം കുഞ്ഞുങ്ങളെ ഓര്‍ത്തു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്വയം പീഡിപ്പിക്കുന്ന അവര്‍ ഒരുപാടു രാത്രികളില്‍ എന്റെ ഉറക്കം കളഞ്ഞിട്ടുണ്ട്...
ഇങ്ങനെ ഒരുപാട്‌ ആശുപത്രി യാത്രകള്‍ എനിക്ക് സമ്മാനിച്ച പല ഓര്‍മകളാണ് ഈ കവിത ...

Sunday, March 14, 2010

കലപില ...കലപില ....
മൂന്നാം വയസ്സുകാരിയുടെ
ഓര്‍മകളെ കട്ടോണ്ടു പോയത്
ഐതിഹ്യമാലയിലെ
കായംകുളം കൊച്ചുണ്ണി...

നാലാം വയസ്സിന്റെ നട്ടപ്രാന്തില്‍
ഇതിലേതാണ് കള്ളനെന്ന ചോദ്യത്തോടൊപ്പം
പോലീസു ജീപ്പിലെ കള്ളനു പിന്നാലെ പോയ
മറ്റൊരോര്‍മ....

മോഷണങ്ങളുടെ പേടിക്കഥയ്ക്കൊപ്പം
ഒരുപാടിഷ്ടങ്ങളെ
ലോക്കറില്‍ പൂട്ടിവെച്ച
പതിനഞ്ചാം വയസ്സ്...

ഒളിച്ചു വെച്ച കഥാപുസ്തകം
അവനോടോപ്പമിറങ്ങിപ്പോയത്
പതിനേഴാം വയസ്സില്‍...

ഇല്ലാപ്പുറങ്ങളിലെ
ഇല്ലാക്കഥയേതോ വായിച്ചാവണം
കള്ളിയെന്നു വിളിച്ചവന്‍
മുറിയിറങ്ങിയകന്നത്...

അടയ്ക്കാത്ത
ഓര്മ വാതിലിനുമപ്പുറത്ത്
കള്ളനും പോലീസും മാറി
പോലീസും കള്ളനും മാറി
കലപില കളിയില്‍
ഒരേഴാം വയസ്സ്...


image courtesy: google

Wednesday, September 2, 2009

ലോസ്റ്റ്‌ വേള്‍ഡ് അഥവാ കളഞ്ഞു പോയ ലോകം....!!
ഭൂമിശാസ്ത്രത്തിന്റെ അറുബോറന്‍
തിയറികള്‍ക്കുമപ്പുറം
ഭൂപടങ്ങളെ ഞാന്‍ പ്രണയിച്ചു.
നരച്ചു കീറാത്ത, ചുളിവ് വീഴാത്ത
ഒരു ഭൂപടം അന്നൊക്കെ
എന്‍റെ കിടയ്ക്കക്കടിയില്‍ ഉണ്ടായിരുന്നു
സ്വപ്നങ്ങളില്‍ എപ്പോഴോ ഞാനാ
ഭൂപടത്തിലൂടെ യാത്ര ചെയ്യാറുണ്ടായിരുന്നു.
അന്നത്തെ ഒറ്റയാവലിന്‍റെ സഞ്ചാരിയ്ക്ക്
വഴിയില്‍ ഒരു കൂട്ടുകാരനും...
ഞാനൊരു ഭൂപടവും നീയൊരു
സഞ്ചാരിയുമായി മാറി തുടങ്ങി...
അതുവരെ കാണാത്ത വഴികളെ
നമ്മള്‍ മഷിയിട്ടു കണ്ടെത്തി.
എന്നെ കണ്ടെത്തി നീ
കൊളംബസ്സും ഗാമയുമായി...
ചൂഷണം ചെയ്യപ്പെട്ട ഒരു നാട്ടുരാജ്യമായി
ഞാന്‍ .....

Friday, August 21, 2009

എനിയ്ക്ക് വേണം എന്റെ നിറങ്ങള്‍...
ഓന്തുകളെ പറ്റി എന്നോ

പറഞ്ഞത് നീയായിരുന്നു.

പഴുത്തില വീണു കിടക്കുന്ന

മരത്തിന്റെ മുകളിലെ

ഓന്തിനെ നീയെനിക്ക്

കാണിച്ചു തന്നു.

അന്ന് നമ്മള്‍ ഒരുപാടു

കഥകള്‍ പറഞ്ഞിരുന്നു.

കാണുമ്പോഴേ ഓടി ഒളിച്ചില്ലെങ്കില്

‍അത് ചോര കുടിക്കുമത്രേ.

അങ്ങനെ ഓന്തിനെ കണ്ടാല്

‍ഞാന്‍ ഒളിച്ചു തുടങ്ങി,

നിന്റെ പിന്നിലേയ്ക്ക്..

നീയെപ്പോഴാണ് ഓന്തായി

നിറം മാറി തുടങ്ങിയത്,

ചോര കുടിക്കാനും...?

എപ്പോഴും നീ നിറം മാറിയതല്ലേ

എന്റെ നിറം കളഞ്ഞു പോയത്..!!