Friday, July 31, 2009

ജീവിതം
തികച്ചും അകസ്മികങ്ങളായ തിരിഞ്ഞു മറിയലുകള്‍ ആവണം ഒരു പക്ഷെ ജീവിതത്തെ അത്രയ്ക്ക് സുന്ദരമാക്കുന്നത്. ഒരു പക്ഷെ അതിലേറെ അകസ്മികങ്ങളായ വലിയ വലിയ നഷ്ടങ്ങളുടെ കുറവ് തീര്‍ക്കുന്നതും.മരുഭൂമിയില്‍ ഒറ്റപെട്ടവര്‍ക്ക് മഴ, ഒരു പക്ഷെ ആകാശത്തിനും ഭൂമിക്കും ഇടയില്‍ നഷ്ടപ്പെട്ട് പോകുന്ന ചില നാരുകളാണ്.പക്ഷെ പൊടുന്നനെ പേമാരിയില്‍ കുതിര്‍ന്നു പോകും പോലെയാണ് ചില കണ്ടതെലുകള്‍.എന്ത്?എന്താണ് പകരം വെയ്ക്കനാവുക?എല്ലാത്തിനും....

Wednesday, July 22, 2009

സാറ്റ്
കുട്ടിക്കാലത്ത്‌ ഞങ്ങള്‍
ഒളിച്ചുകളിക്കുമായിരുന്നു.
അന്ന് ആരും കാണാത്ത
ഒളിയിടങ്ങളില്‍ നിന്നും
എല്ലാരും എന്നെ
കണ്ടു പിടിച്ചു സാറ്റ് പറഞ്ഞു
പുതിയ ഒളിയിടങ്ങള്‍ തേടി
ഞാന്‍ ഒരുപാടു നടന്നു..
കൂടെ ഒളിക്കാന്‍ വരുന്നവരും
പിന്നീട് സാറ്റ്‌ പറയും
എന്ന് മനസിലാക്കാന്‍
വൈകിപ്പോയിരുന്നു.
അതിനു ശേഷം ഞാനൊരിക്കലും
എന്നെ ആരെയും കാണിക്കാതെയുമായി

പിന്നെ ഒളിക്കാന്‍
ഇഷ്ടമില്ലാതെ ഞാന്‍ വളര്‍ന്നു..
അതു കൊണ്ടാവും
ആരും എന്നെ കാണാതെ പോയതും.

ഇനി ഒരിക്കലെങ്കിലും
ഒന്നൊളിച്ചു പോവണം...
ഒരു സാറ്റ്‌ വിളി കേള്‍ക്കണം...

Tuesday, July 21, 2009

നാട് കടത്തലിന്റെ രാഷ്ട്രീയം ...എവിടെയോ ഒക്കെ ഉണ്ടെന്ന ഒരു രേഖപ്പെടുത്തല്‍
ഒരുപക്ഷെ അതാവും ജീവിതം..

ഒരു നേര്‍ രേഖയ്ക്ക് ഇരുപുറവും
പലപ്പോളും നമുക്ക്‌ സഞ്ചരിക്കേണ്ടി വരുന്നു...
ഒരിക്കലും കൂട്ടി മുട്ടാത്ത തീവണ്ടി പാളങ്ങളെ പോലെ
ഒരേ രേഖയില്‍ ഒരിക്കലും വരാതെ ....
എന്താണ് എവിടെയാണ് കൂട്ടിമുട്ടുക?

ഒരിക്കലും കൂടി ചേരാത്ത ആശയങ്ങള്‍
എവിടെയൊക്കെയോ കുഴഞ്ഞു മറിഞ്ഞു...
എവിടെ നിന്നോ വന്നു എങ്ങോട്ടോ പോവുന്ന
ഒരു തീവണ്ടി പോലെ..

ആരോടും ഒന്നും പറയാതെ
എവിടെയും ഒരു രേഖ പോലും അവശേഷിപ്പിക്കാതെ..

ഒരു തിരിച്ചു നടത്തം....
മുന്നോട്ടു പോവുന്നതിനെക്കാള്‍ നല്ലത്
എപ്പോളും പിറകോട്ടു നടക്കുന്നതാണ്...

അങ്ങനെയല്ലെങ്കില്‍ അവര്‍
നമ്മളെ വിഡ്ഢിയെന്നു മുദ്ര കുത്തി
മൊട്ടയടിച്ചു പുള്ളികുത്തി
കഴുതപ്പുറത്ത് കയറ്റി
നാട് കടത്തും...

Saturday, July 11, 2009

ബൊമ്മക്കൊലു


ബൊമ്മക്കൊലുഅന്ധ...
തിമിരത്തിരയ്ക്കുള്ളില്‍ പെടുമ്പോള്‍
കാഴ്ചകള്‍ കണ്ണുകെട്ടി പ്രതിഷേധിക്കുന്നു
നിറങ്ങളെല്ലാം ധ്രിഷ്ടിപധങ്ങളില്‍ എത്തുന്നതിനു
മുന്‍പേ ഊറ്റിയെടുക്കപെടുന്നു.

ബധിര...

വിളികളുടെ വിളിപ്പാടകലെ നിന്നും
ചെവികള്‍ കൈവീശി യാത്ര പറഞ്ഞിറങ്ങുന്നു.
ശബ്ദങ്ങളുടെ വേലിയേറ്റത്തിനായി കാത്തു
നില്‍ക്കുമ്പോള്‍ കടല്‍ ഇരമ്പുന്നുമില്ല.

ഊമ...
സംസാരിക്കാന്‍ എടുക്കുന്ന വാക്കുകള്‍ എല്ലാം
ശബ്ദം ആവുന്നതിനു മുന്‍പേ ഒളിച്ചോടുന്നു .
പുസ്തകങ്ങളിലെ അക്ഷരകുഞ്ഞുങ്ങള്‍
സംഭാഷങ്ങള്‍ക്ക് മുന്‍പേ കൊല്ലപ്പെടുന്നു.

ഞാന്‍....

കാഴ്ചയുടെ,കേള്‍വിയുടെ,സംഭാഷങ്ങളുടെ
ലോകത്തില്‍ ഞാന്‍ ഞാനല്ലതാവുന്നു.
ഒരു ബൊമ്മക്കൊലുവിന്ടെ നടുവിലുള്ള
ജീവനുള്ളതും ഇല്ലാത്തതുമായ ബൊമ്മ .

Monday, July 6, 2009

ഉറക്കം- ചില അകം പുറക്കാഴ്ചകള്‍
അകവും പുറവും തിരിച്ചിടുമ്പോള്‍
ഞാനും നീയും നമ്മള്‍ അല്ലാതാവുന്നു.
ഒരു ഉറക്കം കഴിഞ്ഞു എണീക്കുമ്പോള്‍
ഒരു
ഓര്‍മ്മ
പോലും ഇല്ലാതെ...


ഉറക്കം ഒരു മരണമാണ് ...
ഇത്തിരി നേരത്തേയ്ക്ക് മാത്രം ഉള്ള മരണം..
മരണത്തിനു വേണ്ടി കാത്തിരിക്കുന്നവരെ
പറ്റി നമ്മളും അറിയാറുണ്ട്
ഏതൊക്കെയോ ആശുപത്രികളില്‍
മരണം വന്നു രക്ഷപ്പെടുത്തേണ്ട
ചില ജീവിതങ്ങള്‍

ആ ജീവിതങ്ങളും
അവര്‍ക്കിടയിലെ ചില ജീവികളും
അവരുടെ ജീവിതങ്ങളും
അതും എന്റെ ഉറക്കത്തെ മുറിക്കുന്നു...

ഒരിക്കലും ഉണരാത്ത ഉറക്കങ്ങള്‍
ആ ഉറക്കിനു കുറെ കാത്തിരിപ്പുകാര്‍
എന്ത് പറയണം ഇതിനു
ആരെയും കുറ്റപെടുത്താന്‍ പറ്റില്ല...

ഒരുപാടു നേരുകള്‍ അതിനിടയില്‍
ഉറങ്ങി കിടക്കുന്നുണ്ട്‌ ...