Wednesday, September 2, 2009

ലോസ്റ്റ്‌ വേള്‍ഡ് അഥവാ കളഞ്ഞു പോയ ലോകം....!!
ഭൂമിശാസ്ത്രത്തിന്റെ അറുബോറന്‍
തിയറികള്‍ക്കുമപ്പുറം
ഭൂപടങ്ങളെ ഞാന്‍ പ്രണയിച്ചു.
നരച്ചു കീറാത്ത, ചുളിവ് വീഴാത്ത
ഒരു ഭൂപടം അന്നൊക്കെ
എന്‍റെ കിടയ്ക്കക്കടിയില്‍ ഉണ്ടായിരുന്നു
സ്വപ്നങ്ങളില്‍ എപ്പോഴോ ഞാനാ
ഭൂപടത്തിലൂടെ യാത്ര ചെയ്യാറുണ്ടായിരുന്നു.
അന്നത്തെ ഒറ്റയാവലിന്‍റെ സഞ്ചാരിയ്ക്ക്
വഴിയില്‍ ഒരു കൂട്ടുകാരനും...
ഞാനൊരു ഭൂപടവും നീയൊരു
സഞ്ചാരിയുമായി മാറി തുടങ്ങി...
അതുവരെ കാണാത്ത വഴികളെ
നമ്മള്‍ മഷിയിട്ടു കണ്ടെത്തി.
എന്നെ കണ്ടെത്തി നീ
കൊളംബസ്സും ഗാമയുമായി...
ചൂഷണം ചെയ്യപ്പെട്ട ഒരു നാട്ടുരാജ്യമായി
ഞാന്‍ .....

Friday, August 21, 2009

എനിയ്ക്ക് വേണം എന്റെ നിറങ്ങള്‍...
ഓന്തുകളെ പറ്റി എന്നോ

പറഞ്ഞത് നീയായിരുന്നു.

പഴുത്തില വീണു കിടക്കുന്ന

മരത്തിന്റെ മുകളിലെ

ഓന്തിനെ നീയെനിക്ക്

കാണിച്ചു തന്നു.

അന്ന് നമ്മള്‍ ഒരുപാടു

കഥകള്‍ പറഞ്ഞിരുന്നു.

കാണുമ്പോഴേ ഓടി ഒളിച്ചില്ലെങ്കില്

‍അത് ചോര കുടിക്കുമത്രേ.

അങ്ങനെ ഓന്തിനെ കണ്ടാല്

‍ഞാന്‍ ഒളിച്ചു തുടങ്ങി,

നിന്റെ പിന്നിലേയ്ക്ക്..

നീയെപ്പോഴാണ് ഓന്തായി

നിറം മാറി തുടങ്ങിയത്,

ചോര കുടിക്കാനും...?

എപ്പോഴും നീ നിറം മാറിയതല്ലേ

എന്റെ നിറം കളഞ്ഞു പോയത്..!!

Friday, August 14, 2009

അടുപ്പം
നിന്‍റെ കൈത്തലം തരിക


അതില്‍ മുറിഞ്ഞും തെളിഞ്ഞും


കിടക്കുന്നരേഖകളുടെ ഭാവിയിലൂടെ


നമുക്ക്‌ നമ്മളിലേക്ക് സഞ്ചരിക്കാം...


അടുപ്പങ്ങളില്‍ നിന്നും അകലങ്ങളിലേക്ക്എത്ര ദൂരം.???


അവയെ എന്ത് വെച്ച്അളന്നെടുക്കാന്‍ പറ്റും.??


അറിയാത്ത കാര്യങ്ങളെ അറിയുവാന്‍


നീയോ ഞാനോ ശ്രമിച്ചിരുന്നോ...


ചോദ്യങ്ങള്‍ ഉത്തരങ്ങള്‍


എല്ലാം ഒരു പാടായി അവശേഷിക്കുന്നു ...സ്നേഹം

ഗൗരി

Monday, August 10, 2009

വഴി പിഴപ്പിനും വയറ്റില്‍ പിഴപ്പിനും ഒരുപാടു വഴികള്‍!!!


വഴി പിഴപ്പിനും വയറ്റില്‍ പിഴപ്പിനും ഒരുപാടു വഴികള്‍!!!

ഒടുക്കം എന്താണ് ഒരിക്കലും ഒടുങ്ങി തീരാത്തത്...

ആര്‍ക്കൊക്കെ എവിടെ ഒക്കെ

ഒടുങ്ങി അഥവാ ഒതുങ്ങി തീരാന്‍ പറ്റും..

ഒന്നും അറിയാത്തവന് ഒരിക്കലും

ഒടുക്കത്തിനു മുന്‍പേ നീന്താന്‍ പറ്റില്ല..

ഒഴുക്കും ഒടുക്കവും..

രണ്ടും എവിടെയൊക്കെയോ കൂടി മുട്ടുന്നു.

ആ കൂട്ടി മുട്ടലില്‍ നിന്നും വീണ്ടും

ഒരു വഴി പിളര്‍ച്ച അഥവാ പിഴച്ച...

വഴി പിഴപ്പിനും വയറ്റില്‍ പിഴപ്പിനും

ഒരുപാടു വഴികള്‍.

പെരുവഴിയില്‍ ഇറങ്ങി പേരു പോലും

പറയണ്ടാത്ത ഒരുപാടു വഴികള്‍..

ആ വഴികള്‍ക്കും ഒടുക്കം

ഏതോ ഒരു ഒഴുക്കില്‍ മിഴി മലച്ച്...

Friday, July 31, 2009

ജീവിതം
തികച്ചും അകസ്മികങ്ങളായ തിരിഞ്ഞു മറിയലുകള്‍ ആവണം ഒരു പക്ഷെ ജീവിതത്തെ അത്രയ്ക്ക് സുന്ദരമാക്കുന്നത്. ഒരു പക്ഷെ അതിലേറെ അകസ്മികങ്ങളായ വലിയ വലിയ നഷ്ടങ്ങളുടെ കുറവ് തീര്‍ക്കുന്നതും.മരുഭൂമിയില്‍ ഒറ്റപെട്ടവര്‍ക്ക് മഴ, ഒരു പക്ഷെ ആകാശത്തിനും ഭൂമിക്കും ഇടയില്‍ നഷ്ടപ്പെട്ട് പോകുന്ന ചില നാരുകളാണ്.പക്ഷെ പൊടുന്നനെ പേമാരിയില്‍ കുതിര്‍ന്നു പോകും പോലെയാണ് ചില കണ്ടതെലുകള്‍.എന്ത്?എന്താണ് പകരം വെയ്ക്കനാവുക?എല്ലാത്തിനും....

Wednesday, July 22, 2009

സാറ്റ്
കുട്ടിക്കാലത്ത്‌ ഞങ്ങള്‍
ഒളിച്ചുകളിക്കുമായിരുന്നു.
അന്ന് ആരും കാണാത്ത
ഒളിയിടങ്ങളില്‍ നിന്നും
എല്ലാരും എന്നെ
കണ്ടു പിടിച്ചു സാറ്റ് പറഞ്ഞു
പുതിയ ഒളിയിടങ്ങള്‍ തേടി
ഞാന്‍ ഒരുപാടു നടന്നു..
കൂടെ ഒളിക്കാന്‍ വരുന്നവരും
പിന്നീട് സാറ്റ്‌ പറയും
എന്ന് മനസിലാക്കാന്‍
വൈകിപ്പോയിരുന്നു.
അതിനു ശേഷം ഞാനൊരിക്കലും
എന്നെ ആരെയും കാണിക്കാതെയുമായി

പിന്നെ ഒളിക്കാന്‍
ഇഷ്ടമില്ലാതെ ഞാന്‍ വളര്‍ന്നു..
അതു കൊണ്ടാവും
ആരും എന്നെ കാണാതെ പോയതും.

ഇനി ഒരിക്കലെങ്കിലും
ഒന്നൊളിച്ചു പോവണം...
ഒരു സാറ്റ്‌ വിളി കേള്‍ക്കണം...

Tuesday, July 21, 2009

നാട് കടത്തലിന്റെ രാഷ്ട്രീയം ...എവിടെയോ ഒക്കെ ഉണ്ടെന്ന ഒരു രേഖപ്പെടുത്തല്‍
ഒരുപക്ഷെ അതാവും ജീവിതം..

ഒരു നേര്‍ രേഖയ്ക്ക് ഇരുപുറവും
പലപ്പോളും നമുക്ക്‌ സഞ്ചരിക്കേണ്ടി വരുന്നു...
ഒരിക്കലും കൂട്ടി മുട്ടാത്ത തീവണ്ടി പാളങ്ങളെ പോലെ
ഒരേ രേഖയില്‍ ഒരിക്കലും വരാതെ ....
എന്താണ് എവിടെയാണ് കൂട്ടിമുട്ടുക?

ഒരിക്കലും കൂടി ചേരാത്ത ആശയങ്ങള്‍
എവിടെയൊക്കെയോ കുഴഞ്ഞു മറിഞ്ഞു...
എവിടെ നിന്നോ വന്നു എങ്ങോട്ടോ പോവുന്ന
ഒരു തീവണ്ടി പോലെ..

ആരോടും ഒന്നും പറയാതെ
എവിടെയും ഒരു രേഖ പോലും അവശേഷിപ്പിക്കാതെ..

ഒരു തിരിച്ചു നടത്തം....
മുന്നോട്ടു പോവുന്നതിനെക്കാള്‍ നല്ലത്
എപ്പോളും പിറകോട്ടു നടക്കുന്നതാണ്...

അങ്ങനെയല്ലെങ്കില്‍ അവര്‍
നമ്മളെ വിഡ്ഢിയെന്നു മുദ്ര കുത്തി
മൊട്ടയടിച്ചു പുള്ളികുത്തി
കഴുതപ്പുറത്ത് കയറ്റി
നാട് കടത്തും...

Saturday, July 11, 2009

ബൊമ്മക്കൊലു


ബൊമ്മക്കൊലുഅന്ധ...
തിമിരത്തിരയ്ക്കുള്ളില്‍ പെടുമ്പോള്‍
കാഴ്ചകള്‍ കണ്ണുകെട്ടി പ്രതിഷേധിക്കുന്നു
നിറങ്ങളെല്ലാം ധ്രിഷ്ടിപധങ്ങളില്‍ എത്തുന്നതിനു
മുന്‍പേ ഊറ്റിയെടുക്കപെടുന്നു.

ബധിര...

വിളികളുടെ വിളിപ്പാടകലെ നിന്നും
ചെവികള്‍ കൈവീശി യാത്ര പറഞ്ഞിറങ്ങുന്നു.
ശബ്ദങ്ങളുടെ വേലിയേറ്റത്തിനായി കാത്തു
നില്‍ക്കുമ്പോള്‍ കടല്‍ ഇരമ്പുന്നുമില്ല.

ഊമ...
സംസാരിക്കാന്‍ എടുക്കുന്ന വാക്കുകള്‍ എല്ലാം
ശബ്ദം ആവുന്നതിനു മുന്‍പേ ഒളിച്ചോടുന്നു .
പുസ്തകങ്ങളിലെ അക്ഷരകുഞ്ഞുങ്ങള്‍
സംഭാഷങ്ങള്‍ക്ക് മുന്‍പേ കൊല്ലപ്പെടുന്നു.

ഞാന്‍....

കാഴ്ചയുടെ,കേള്‍വിയുടെ,സംഭാഷങ്ങളുടെ
ലോകത്തില്‍ ഞാന്‍ ഞാനല്ലതാവുന്നു.
ഒരു ബൊമ്മക്കൊലുവിന്ടെ നടുവിലുള്ള
ജീവനുള്ളതും ഇല്ലാത്തതുമായ ബൊമ്മ .

Monday, July 6, 2009

ഉറക്കം- ചില അകം പുറക്കാഴ്ചകള്‍
അകവും പുറവും തിരിച്ചിടുമ്പോള്‍
ഞാനും നീയും നമ്മള്‍ അല്ലാതാവുന്നു.
ഒരു ഉറക്കം കഴിഞ്ഞു എണീക്കുമ്പോള്‍
ഒരു
ഓര്‍മ്മ
പോലും ഇല്ലാതെ...


ഉറക്കം ഒരു മരണമാണ് ...
ഇത്തിരി നേരത്തേയ്ക്ക് മാത്രം ഉള്ള മരണം..
മരണത്തിനു വേണ്ടി കാത്തിരിക്കുന്നവരെ
പറ്റി നമ്മളും അറിയാറുണ്ട്
ഏതൊക്കെയോ ആശുപത്രികളില്‍
മരണം വന്നു രക്ഷപ്പെടുത്തേണ്ട
ചില ജീവിതങ്ങള്‍

ആ ജീവിതങ്ങളും
അവര്‍ക്കിടയിലെ ചില ജീവികളും
അവരുടെ ജീവിതങ്ങളും
അതും എന്റെ ഉറക്കത്തെ മുറിക്കുന്നു...

ഒരിക്കലും ഉണരാത്ത ഉറക്കങ്ങള്‍
ആ ഉറക്കിനു കുറെ കാത്തിരിപ്പുകാര്‍
എന്ത് പറയണം ഇതിനു
ആരെയും കുറ്റപെടുത്താന്‍ പറ്റില്ല...

ഒരുപാടു നേരുകള്‍ അതിനിടയില്‍
ഉറങ്ങി കിടക്കുന്നുണ്ട്‌ ...

Friday, June 26, 2009

പ്രണയക്കുറിപ്പുകള്‍ തുടര്‍ച്ച 2

പറയാതെ നീയെന്നെ അറിഞ്ഞിരുന്നുവെങ്കില്‍, എന്റെ കണ്‍പീലികള്‍ക്കിടയില്‍ ഊറിക്കിടക്കുന്ന സ്വപ്നങ്ങളെ നീയൊന്നു തൊട്ടുവെങ്കില്‍ അത്ര മതിയായിരുന്നു എനിയ്ക്ക്‌. ഞാനൊന്നു മിണ്ടാതെയിരുന്നാല്‍ ഒരു നോട്ടം കൊണ്ട് നീയെന്നെ വാചാലയാക്കുന്ന നിമിഷം. ആ നിന്നെ . അതാണ്‌ എന്നെന്റെ സങ്കല്പം.
വര്‍ണ സങ്കല്പ്പങ്ങളില്ലെങ്കിലും ആകാശത്തിന്റെ നീലിംയിലാണ് നീയെനിക്ക്‌ ചിത്രങ്ങള്‍ വരച്ചു തന്നത്. മുറ്റത്ത്‌ ചിത്രം വരയ്ക്കുന്ന നിലാവിന്റെ കുഞ്ഞുങ്ങളെ ഒരു നിലാവുള്ള രാത്രിയില്‍ നീയാണ് എനിക്ക് കാണിച്ചു തന്നത്.
നിനക്കാണ് ഞാനെന്റെ കവിതകള്‍ കണ്ണുനീരിലെഴുതിയത്. ഉറക്കത്തിന്റെയും ഉറക്കപ്പിച്ചുകളുടെയും നടുവില്‍ നിന്നാണ് പലപ്പോഴും നീയെന്നെ സ്വതന്ത്രയാക്കുന്നത്. നീ പാടിത്തന്ന പാട്ടുകളെല്ലാം ഞാനെന്റെ ഹൃദയത്തില്‍ മുറുക്കെപ്പിടിച്ചു വെച്ചിട്ടുണ്ട്. ആരും കട്ടു കൊണ്ട് പോവാതെ തന്നെ.
നീയെന്നും എന്റെ അടുത്തുണ്ടാവുമെങ്കില്‍ എന്റെയെല്ലാ സങ്കടങ്ങളും നമ്മുടെ അരികില്‍ തന്നെ ഉരുകിത്തീരുമായിരുന്നു എന്റെ ഹൃദയം അതിലുറങ്ങി കിടക്കുന്ന സ്നേഹം മറ്റാര്‍ക്കും അത് നല്കാന്‍ എനിക്ക് കഴിയിലെന്ന സത്യം നിനക്ക് മാത്രമേ അറിയൂ.

ഞാനൊരിക്കലും നിന്നെ പ്രണയിച്ചിട്ടില്ല. പക്ഷെ ഇപ്പൊ ഞാന്‍ നിന്നെ പ്രണയിക്കാന്‍ തുടങ്ങുന്നുണ്ട്. എനിയ്ക്ക്‌ അതറിയാന്‍ കഴിയുന്നുമുണ്ട്.

സ്നേഹം
ഗൌരി

Thursday, June 25, 2009

എന്റെ പ്രണയക്കുറിപ്പുകള്‍
ഇന്നലെ ഞാന്‍ കണ്ട ഒരു സ്വപ്നത്തിലാണ് നീ കടന്നു വന്നത്. ആകാശ ഗോപുരങ്ങള്‍ക്കിടയില്‍ നിന്ന് നീയെനിക്കൊരു പാട്ട് പാടിത്തന്നു.. ഞാനോ നിനക്കായി സ്വപ്നങ്ങളുടെ ഒരു കൊട്ടാരം തന്നെ പടുത്തുയര്‍ത്തി. പാട്ടുകളുടെ ലോകത്ത്‌ നീയും സ്വപ്നങ്ങളുടെ ലോകത്ത്‌ ഞാനും. ഇടനാഴിയിലെ പതിഞ്ഞ പാട്ടിന്റെ വരികളിലൂടെയാണ് നീ എന്റെ സ്വപനങ്ങളിലെക്ക് കയറി വന്നത്.
ആരോ പറഞ്ഞിട്ട് പരിചയം ഭാവിച്ചതല്ല നമ്മള്‍. ജീവന്റെ തുടിപ്പിനൊരു താളമുണ്ടെന്ന വാദത്തിനു, അതിനു എന്റെ സംഗീതം നല്‍കാമെന്ന് പറഞ്ഞത് നീയായിരുന്നു. നിന്റെ വരവും കാത്ത് കാമ്പസിന്റെ മരത്തണലില്‍ ഞാനിരുന്നിട്ടുണ്ട്. ഇല കൊണ്ട് മൂടിയ ഇരിപ്പിടങ്ങള്‍ക്കിടയിലൂടെ ചോനനുറുമ്പുകള്‍ വരിവരിയായി നടന്നു നീങ്ങിയപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ നമ്മളെ പറ്റിയായിരുന്നു.
എനിക്ക് നിന്നോടത് പറയണമെന്നുണ്ട്. പക്ഷെ ഒരിക്കലും നിന്നോടത് പറയാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ മൌനങ്ങള്‍ സമ്മതങ്ങളായി കാണാനും നിനക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. കാരണം ഞാനൊരിക്കലും നിന്റെ മുന്നില്‍ മൌനത്തിന്റെ വാത്മീകം അണിഞ്ഞിട്ടില്ല.വേദനകളുടെ ലോകം എനിയ്ക്ക്‌ പണ്ടെന്നോ കിട്ടിയതാണ്, ആരോ എനിക്കായി മറന്നു വെച്ചത് പോലെ. നീയെന്നോടും ഞാന്‍ നിന്നോടും ചെയ്ത തെറ്റുകള്‍ക്ക് നമുക്ക്‌ മാപ്പ് ചോദിക്കണ്ട. എന്റെ തെറ്റിന് പകരമായി ഞാന്‍ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ്‌ നീ വീണ്ടും എന്നെ ശിക്ഷിച്ചിരിക്കുകയാണ്.

സ്നേഹം
ഗൌരി


Wednesday, June 24, 2009

എന്റെ ( ഭ്രാന്തന്‍) ചിന്തകള്‍ !!!
ആകാശങ്ങളുടെ ചതുരങ്ങളില്‍ നിന്നും നമുക്ക്‌ വഴി തിരിയാം. വൃത്തങ്ങളുടെ മഷിയില്‍ മുക്കി നമുക്ക്‌ ദിക്കുകള്‍ തേടി പുറപ്പെടാം. ചതുര്ഭുജങ്ങള്‍ക്കിടയില്‍ നിന്നും കടലിനെ സ്വതന്ത്രമാക്കാം. എല്ലാ പുസ്തകങ്ങളിലെയും അവസാനത്തെ പേജ് എനിക്കായി നീക്കി വെക്കപ്പെട്ടതാണ്. അന്യാധീനപ്പെട്ട ഏതോ ഒരു വന്‍‌കരയില്‍ ഞാനെന്റെ കണ്ണുകളും ഹൃദയവും മറന്നു വെച്ചിട്ടുണ്ട്. അന്നും ഇന്നും ഞാനോര്‍ക്കുന്ന മരങ്ങള്‍, പൂക്കള്‍, സുഹൃത്തുക്കള്‍ എല്ലാം ഇപ്പോളും എന്റെ സ്വന്തം എന്ന് ചിന്തിച്ചു ഞാനെന്റെ മുറിയില്‍ ഉറങ്ങാതെ ഇരിക്കുന്നു. ഒരു മിന്നലിന്റെ ഊര്‍ജരേണുക്കള്‍ പാറി വീണു ഓര്‍മയുടെ കുഴിമാടങ്ങള്‍ ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു . വാക്കുകള്‍ ചെക്കേറുന്നിടങ്ങളില്‍ പറയാനുള്ള പലതും ബോധപൂര്‍വ്വം ഞാന്‍ മറക്കാറുണ്ട്. വീണു പോയ വഴിയടയാളങ്ങളില്‍ നിന്നും ഇനിയും പലതും എനിക്ക് പഠിക്കാനുണ്ട്.

സ്നേഹം
ഗൌരി

Thursday, June 11, 2009

പുസ്തകം പൂക്കുന്ന ഒരു വീട്...


പുസ്തകം പൂക്കുന്ന ഒരു വീട്...
ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ
നിഷ്കളങ്കതയുള്ള അക്ഷരങ്ങള്‍...

ഓരോ വരികള്‍ക്കും ഇടയില്‍
ഇരമ്പുന്നത് ഒരു കടല്‍
അക്ഷരങ്ങള്‍ കടലായും
വീടായും മാറുന്നു...

ആ കടലിനും വീടിനും ഇടയില്‍
ഞാനും ഒരു തുരുത്ത്

കടത്തുകാരന്‍ ഇല്ലാത്ത തോണി
ഏറ്റു വാങ്ങിയ അതേ തുരുത്ത് ...

Friday, June 5, 2009

വാക്ക്

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

Wednesday, June 3, 2009

മഴക്കാലം

മഴക്കാലം
മഴക്കാലം എന്നും എനിക്ക് ഒരു പനിക്കാലം ആയിരുന്നു. ഓര്‍മകളില്‍ എന്നും എന്നെ നനച്ചു പോയ ഒരുപാട് മഴക്കാലങ്ങള്‍.... കുട്ടിക്കാലത്തെ മഴക്കാലങ്ങള്‍.... എന്നും നരച്ച മേഘങ്ങളെ നോക്കി നരച്ചു പോയ ഒരു ജീവിതം....


മഴ അതെന്നും എന്റെ കൂടെ ഉണ്ടായിരുന്നു... നഴ്സറി ക്ലാസ്സുകളില്‍ മഴ പെയ്യാന്‍ വേണ്ടി ഒരുപാട്‌ ആശിച്ചിട്ടുണ്ട്... എന്റെ പുള്ളികുടയും ചൂടി ഏതൊക്കെയോ വഴികളിലൂടെ യാത്ര ചെയ്തിട്ടുമുണ്ട്... പിന്നെ സ്കൂളിലെ മഴക്കാലങ്ങള്‍ ഒരിക്കലും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.. ഒരിക്കല്‍ പോലും യൂണിഫോം നനയ്ക്കുന്ന ഒരു വില്ലനായി മഴ കടന്നു വന്നിട്ടില്ല.. മഴ കൊണ്ട് വന്നതിനു അമ്മയോട് അടി കിട്ടിയ ദിവസങ്ങള്‍ ഒരുപാടുണ്ട്... അന്നൊക്കെ മഴ എന്റെ കൂട്ടുകാരന്‍ ആയിരുന്നു... തോണിയുണ്ടാക്കാന്‍ ഞാനും അത് മുക്കി കളയാന്‍ മഴയും...


പിന്നീട് മഴ ചുരുങ്ങുകയും ഞാന്‍ വലുതാവുകയും ചെയ്തു... എന്നിട്ടും കോളേജിലെ ഇടനേരങ്ങളില്‍ അങ്ങ് ദൂരെ കുന്നിന്‍പുറത്ത് പെയ്യുന്ന മഴയെ നോക്കി നിന്ന ഒരു നല്ല കാലം... എല്ലാ ദിവസവും മഴ പെയ്യുമ്പോള്‍ കാന്റീനില്‍ നിന്നും ശങ്കരേട്ടന്റെ ചൂടുള്ള കാപ്പിയും കുടിച്ച് എന്നെ പിടിക്കാന്‍ കിട്ടില്ല എന്നാ ഭാവത്തോടെ ക്ലാസിലേക്ക്‌ ഓടി കയറുന്ന എന്റെ പിറകെ ഓടി വന്നു നനച്ച മഴ.... അറുബോറന്‍ പ്രാക്ടികള്‍ ക്ലാസ്സുകളില്‍ ലാബിന്റെ ജനലും തുറന്നു വെച്ച് മഴ കണ്ടിട്ടുണ്ട്.. എന്റെ മഴയോടുള്ള പ്രണയം അറിയാവുന്ന കൂട്ടുകാരന്‍ എനിക്ക് സമ്മാനമായ്‌ തന്നതും ഒരു മഴ പുസ്തകമാണ്... Chasing the monsoon by alexander frater. പക്ഷെ എനിക്കും മഴയെ പറ്റി അറിയാനും വായിക്കാനും എന്നും ഇഷ്ടം മലയാളം ആണ്... ഒരു മഴക്കോട്ടു പോലെ... കോളേജ് ലൈബ്രറി ക്കുള്ളില്‍ ഞാനും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും... അതൊരു മഴക്കാലം ആയിരുന്നു....

മഴയെ ഒരുപാടു പ്രണയിച്ച Victor george വെണ്ണിയായനിയിലെ ഉരുള്‍ പൊട്ടലില്‍ ലോകത്തോട്‌ യാത്ര പറഞ്ഞപ്പോള്‍ ഞാനും ഒരുപാടു വിഷമിച്ചിട്ടുണ്ട്... പിന്നീട് വിക്ടര്‍ ന്റെ മഴച്ചിത്രങ്ങള്‍ കാണാന്‍ കോഴിക്കോട് പോയതും ഒരു വേദനിപ്പിക്കുന്ന ഓര്‍മ....

ഇപ്പോള്‍ അതി രാവിലെ പോയി രാത്രി തിരിച്ചു വരുന്നതിനിടയില്‍ മഴയെ കാണാനോ അറിയാനോ പറ്റാറില്ല... ഇവിടെ മഴ ഇടയ്ക്കിടെ വന്നു മുഖം കാണിച്ചു പോകുന്ന ഒരു വിരുന്നുകാരനെ പോലെയാണ്...
രാത്രി ഏറെ നേരം വൈകി ഇറങ്ങുമ്പോള്‍ ആവും അറിയുന്നത് പുറത്തു മഴ പെയ്തിരുന്നു എന്ന് ... ഞാനും മഴയും ഒരുപാടു മാറിയിരിക്കുന്നു... എന്നാലും എന്റെ മനസ്സില്‍ ഇപ്പോളും ഞാന്‍ സൂക്ഷിക്കുന്നുണ്ട് മഴ നനയാനായി ഒരിടം...

കളങ്ങള്‍ക്കുമപ്പുറം ....!!!


ഒരു ചതുരംഗപ്പലകയില്‍
ഒരേ കരുക്കള്‍ക്ക് ചുറ്റും
ഞാനും നീയും...
രാജാവും റാണിയും നമ്മളെ
നോക്കി പല്ലിളിച്ചു കാണിച്ചു....
കാലാള്‍ പട എന്നേ
എന്നെ പരാജയപെടുത്തി
തേരും കുതിരയും ആനയും
എല്ലാം എവിടെയോ....
എല്ലാ കരുക്കളും നമ്മളെ
വിട്ടു ഓടിപ്പോയപ്പോളും
നമുക്ക്‌ സ്വന്തം ആ പലക മാത്രം
കറുപ്പും വെളുപ്പും നിറഞ്ഞ
കളങ്ങള്‍ക്കുമപ്പുറം
രാത്രിയെയും പകലിനെയും കുറിച്ച്
നമ്മളെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു...
ഇന്നും ഓരോ ഉറക്കത്തിന്റെ ഞെട്ടലിലും
നമുക്ക്‌ കൂട്ട് ആ പലക മാത്രം...
ഇനിയൊരിക്കലും സ്വന്തം സ്ഥാനം
തിരിച്ചു കിട്ടാത്ത അതും നമ്മളും...

Saturday, May 16, 2009

പാതി വഴിയിലൊരു വാക്ക്‌...!!

പാതി വഴിയിലൊരു വാക്ക്‌...!!ഒരു വാക്കിനിരു പുറവും
ഒരു കടത്തു തോണിയ്ക്കായ്‌
വലിയൊരു കാത്തിരിപ്പ്‌..
തുഴയറിയാ പുഴ
ആ വാക്കിനെ വിഴുങ്ങി
വെള്ളത്തില്‍ മുങ്ങിയും
പൊങ്ങിയും അത് നീന്തി..

കര പറ്റിയപ്പോള്‍ പലരും
അതിനെ കടമെടുത്തു.
കടം കൊണ്ടവര്‍ വില പോലും
നോക്കാതെ തൂക്കിവിറ്റു...
ഒരു മുഷിഞ്ഞ വീഞ്ഞപെട്ടിയില്‍
കിടന്നു തുരുമ്പെടുത്തു.

ഒരിക്കലും മിണ്ടാതെ...
ജീര്‍ണിച്ചു മരിക്കാന്‍ കൊതിച്ചു....
അപ്പോളും അക്കരെ കടക്കാന്‍
ആള്‍ക്കാര്‍ വാക്കിനെയും കാത്തിരിന്നു.....

നാട് കടത്തലിന്റെ രാഷ്ട്രീയം ...


എവിടെയോ ഒക്കെ ഉണ്ടെന്ന ഒരു രേഖപ്പെടുത്തല്‍
ഒരുപക്ഷെ അതാവും ജീവിതം..

ഒരു നേര്‍ രേഖയ്ക്ക് ഇരുപുറവും
പലപ്പോളും നമുക്ക്‌ സഞ്ചരിക്കേണ്ടി വരുന്നു...
ഒരിക്കലും കൂട്ടി മുട്ടാത്ത തീവണ്ടി പാളങ്ങളെ പോലെ
ഒരേ രേഖയില്‍ ഒരിക്കലും വരാതെ ....
എന്താണ് എവിടെയാണ് കൂട്ടിമുട്ടുക?

ഒരിക്കലും കൂടി ചേരാത്ത ആശയങ്ങള്‍
എവിടെയൊക്കെയോ കുഴഞ്ഞു മറിഞ്ഞു...
എവിടെ നിന്നോ വന്നു എങ്ങോട്ടോ പോവുന്ന
ഒരു തീവണ്ടി പോലെ..

ആരോടും ഒന്നും പറയാതെ
എവിടെയും ഒരു രേഖ പോലും അവശേഷിപ്പിക്കാതെ..

ഒരു തിരിച്ചു നടത്തം....
മുന്നോട്ടു പോവുന്നതിനെക്കാള്‍ നല്ലത്
എപ്പോളും പിറകോട്ടു നടക്കുന്നതാണ്...

അങ്ങനെയല്ലെങ്കില്‍ അവര്‍
നമ്മളെ വിഡ്ഢിയെന്നു മുദ്ര കുത്തി
മൊട്ടയടിച്ചു പുള്ളികുത്തി
കഴുതപ്പുറത്ത് കയറ്റി
നാട് കടത്തും...

മണ്ണാംകട്ടേം കരിയിലേം....!!

അതേ
മണ്ണാംകട്ടേം കരിയിലേം തന്നെ
പിന്നേം കാശിക്കു പോയി...

ഇനീം

കാറ്റിനേം
മഴയെയും ഒക്കെ പേടിച്ചാല്‍ എങ്ങന്യാ...?

അങ്ങനെയങ്ങനെയങ്ങനെ...
കരിയില
കാറ്റിനെ
വിഴുങ്ങി

മണ്ണാംകട്ട
മഴയെ
കുടിച്ചും
വറ്റിച്ചു...

കൂയ്...!!!

അടുപ്പം
നിന്‍റെ കൈത്തലം തരിക
അതില്‍ മുറിഞ്ഞും തെളിഞ്ഞും കിടക്കുന്ന
രേഖകളുടെ ഭാവിയിലൂടെ നമുക്ക്
നമ്മില്ലേക്ക് സഞ്ചരിക്കാം...
അടുപ്പങ്ങളില്‍ നിന്നും അകലങ്ങളിലേക്ക്
എത്ര ദൂരം.???
അവയെ എന്ത് വെച്ച്
അളന്നെടുക്കാന്‍ പറ്റും.??
അറിയാത്ത കാര്യങ്ങളെ അറിയുവാന്‍ നീയോ ഞാനോ ശ്രമിച്ചിരുന്നോ...
ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ എല്ലാം ഒരു പാടായി അവശേഷിക്കുന്നു ...


സ്നേഹം
ഗൌരി

ജീവിതം


തികച്ചും അകസ്മികങ്ങളായ തിരിഞ്ഞു മറിയലുകള്‍ ആവണം ഒരു പക്ഷെ ജീവിതത്തെ അത്രയ്ക്ക് സുന്ദരമാക്കുന്നത്. ഒരു പക്ഷെ അതിലേറെ അകസ്മികങ്ങളായ വലിയ വലിയ നഷ്ടങ്ങളുടെ കുറവ് തീര്‍ക്കുന്നതും.
മരുഭൂമിയില്‍ ഒറ്റപെട്ടവര്‍ക്ക് മഴ, ഒരു പക്ഷെ ആകാശത്തിനും ഭൂമിക്കും ഇടയില്‍ നഷ്ടപ്പെട്ട് പോകുന്ന ചില നാരുകളാണ്.
പക്ഷെ പൊടുന്നനെ പേമാരിയില്‍ കുതിര്‍ന്നു പോകും പോലെയാണ് ചില കണ്ടതെലുകള്‍.
എന്ത്?
എന്താണ് പകരം വെയ്ക്കനാവുക?
എല്ലാത്തിനും....

എന്‍റെ.


എനിക്ക് ഇഷ്ടമാണ് നിന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറ്റയ്ക്കിരുപ്പിന്റെ താളങ്ങള്‍ അതെന്നില്‍ സംഗീതം പൊഴിച്ചപ്പോള്‍ നിന്‍റെ താളുകളില്‍ ആണ് ഞാന്‍ ജീവിച്ചിരുന്നത്. ഒരു പ്രണയം അതിന്‍റെ എല്ലാ സാധ്യതകളും നമുക്കിടയില്‍ മുള പൊട്ടിയിരുന്നു. പക്ഷെ എന്‍റെ ഭീരുത്വം... അതെന്നെ നിന്നില്‍ നിന്നും അകറ്റി നിര്‍ത്തുന്നു... ഞാന്‍, എന്‍റെ ചിന്തകള്‍, ഞാന്‍ ഒരുപാടു പ്രണയിച്ച കഥാപാത്രങ്ങള്‍ .. ന്യൂട്ടണ്‍ ടെ ചലന നിയമങ്ങളില്‍ ആണ് ഞാനും നീയും വിശ്വസിക്കേണ്ടത്.. നമ്മളും യാത്ര തുടങ്ങേണ്ടിയിരിക്കുന്ന്നു...ഒളിയിടങ്ങള്‍ ഒരിക്കലും നമുക്കായി ജന്മം എടുക്കുന്നില്ല... എനിക്ക് അഭയം നീയാണ് ഞാന്‍ നിനക്ക് അതായി തീരുമ്പോള്‍.. സത്യമാണത്.... ഞാനും നീയും പങ്കു വെച്ച നിമിഷങ്ങളില്ലൂടെ എനിക്ക് കിട്ടിയ ശക്തികള്‍ അതെന്‍റെ ദൌര്‍ബല്യങ്ങളെ തുടച്ചു നീക്കുന്നു.. നമ്മുടെ പ്രണയം.. അതിനു പല ഭാവങ്ങള്‍ അതിന്ടെതായ ഭാവ വ്യത്യാസം .. അങ്ങനെ എപ്പോഴെന്നറിയില്ല പുറത്ത് ഇരുട്ട് വ്യാപിക്കുമ്പോള്‍ മനസില്ലേക്ക് വെളിച്ചം കയറി വരാന്‍ വേണ്ടി ഞാന്‍ നിന്നെ പ്രണയിക്കും ഇനിയുമിനിയും.... നിന്‍റെ കൈവിരലുകള്‍ എന്‍റെ കണ്ണ്‍ പീലികളോട് കഥകള്‍ പറയുന്ന കാലം... അന്ന് ഞാന്‍ നിന്റെതായിരിക്കും.

എന്റെ പ്രണയലേഖനങ്ങള്‍ തുടച്ച (2)


നിനക്ക് ,

ഇവിടെ ഇപ്പോള്‍ മഴ പെയ്തു കൊണ്ടിരിക്കുന്നു. ഓരോ മഴയും നിന്നെയാണ് എന്നില്ലെത്തിക്കുന്നത്. മഴയുടെ മണത്തിനു നിന്റെ സാമീപ്യം നല്കാന്‍ കഴിയുംമെന്നത് ഞാന്‍ അറിയുന്നത് ഇപ്പോഴാണ്‌; നീയെന്റെ അരികില്‍ ഇല്ലാത്ത ഈ മഴക്കാല രാത്രികളില്‍.
എഴുതണം എന്നത് ഒരിക്കല്‍ പോലും നമ്മള്‍ ചിന്തിക്കാത്ത കാര്യമായിരുന്നു. കോളേജിലെ ക്ലാസ് കഴിഞ്ഞ അവസാന ദിവസം എഴുതാം എന്ന് പറയാതെയാണ് നാം യാത്ര പറഞ്ഞത്. എന്നിട്ടും എനിക്ക് ആദ്യം വന്ന കത്ത് നിന്റെതാണ് എന്ന് ഞാന്‍ അറിഞ്ഞിട്ടു വര്‍ഷങ്ങള്‍ ഏറെയാവുന്നു. മഞ്ഞുരുകുന്ന മരം പെയ്യുന്ന ഓരോ പ്രഭാതങ്ങളും എനിക്ക് തരുന്നത് നിന്നെകുറിച്ചുള്ള ഓര്‍മകളാണ്.
ഇപ്പോള്‍ ഒരുപാടായി നമ്മള്‍ കണ്ടിട്ട് . എന്റെയും നിന്റെയും അക്ഷരങ്ങള്‍ നമ്മള്‍ പോലുമറിയാതെ നമ്മുടെ മുന്നിലെത്തിയിട്ടു. ഇവിടെ ഈ ഏകാന്തതയുടെ കൂട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ അറിയുന്നു നിന്നെയെനിക്ക് വല്ലാതെ നഷ്ടപ്പെടുന്നുവെന്ന്. നഷ്ടങ്ങള്‍ക്കും നഷ്ടബന്ധങ്ങള്‍ക്കും ഇടയില്‍ നമ്മളും അന്യരായി കൊണ്ടിരിക്കയാണ്. പ്രണയം എന്നതിനെ എനിക്കൊരിക്കലും നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ എന്റെ മനസിലെ പ്രണയത്തിനു നിന്റെ മുഖമായിരുന്നു.

ഒരു പക്ഷെ ഇതെന്റെ അവസാനത്തെ എഴുത്താവും. ഇവിടെ ഈ പെയു‌ന്ന മഴ ശരിക്കും എന്റെ ചോരയുടെ ചാറ്റല്‍ മഴയാണ്. കടം തരാന്‍ ആരും ഇല്ലാതെ ഒരു കടലാസുകുട എനിക്കും ലഭ്യമാവില്ല എന്ന തിരിച്ചറിവ് എന്റെ മനസിനെ ദുര്‍ബലയാക്കുന്നു.
മൗനമായി നിന്നപ്പോഴാണ് എന്റെ മനസ് വാചാലമായത്. അന്ന് നീയൊരിക്കല്‍ പോലും ചോദിച്ചില്ല എന്താണ് എന്റെ മൗനത്തിന്റെ കാരണമെന്ന്‌.
യാത്ര പറഞ്ഞു പിരിയുമ്പോള്‍ നീ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇപ്പോഴും എന്റെ കൂടെ ചേര്‍ത്തിട്ടുണ്ട്. ഇവിടെ മഴകള്‍ നിറങ്ങള്‍ ആയും മഴവില്ലുകള്‍ ആയും പെയ്യുന്നു. കാലങ്ങള്‍ ഏറെയായി നമ്മള്‍ ഒരുമിച്ചു മഴ കണ്ടിട്ട്. ഇപ്പോഴും ഞാന്‍ ഒരു യാത്ര മനസ്സില്‍ കാണുന്നുണ്ട് . പണ്ട് നമ്മള്‍ ഒരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളുടെ വെളുത്ത പുറങ്ങളിലേക്ക് അക്ഷരങ്ങളായി പുനര്‍ജനിക്കുന്ന ഒരു യാത്ര.
നീയെഴുതണം എനിക്ക് എത്രയും പെട്ടെന്ന്. മരിച്ചു പോവാത്ത നിന്റെയും എന്റെയും അക്ഷരങ്ങളിലൂടെ നമുക്ക് ജീവിക്കണം. പറഞ്ഞു തീരാത്ത കഥകളുടെയും എഴുതി തീരാത്ത കവിതകളുടെയും ഒരു വലിയ ലോകം നിനക്കായി ഞാന്‍ ഇവിടെ കാത്തു വെച്ചിട്ടുണ്ട്.
നീയറിയുന്നുവോ മഴയിവിടെ ഒരു നേര്‍ത്ത രേഖയായി രൂപാന്തരണം പ്രാപിച്ചു തുടങ്ങിയിരിക്കുന്നു. ഇനി വീണ്ടും അഗ്നി പൂക്കുന്ന പകലുകളുടെ ആവര്‍ത്തനം. അപ്പോഴേക്കും നിന്റെ കത്തുകള്‍ എന്നെയും തേടി യാത്ര ആരംഭിച്ചിട്ടുണ്ടാവും എന്ന തിരിച്ചറിവിലേക്ക് ഞാനും എത്താം.

സ്നേഹം
ഗൌരി

Friday, May 1, 2009

പോകാന്‍ ദൂരം ഒരുപാടില്ലാത്ത ഒരു സ്ഥലം...പോകാന്‍ ദൂരം ഒരുപാടില്ലാത്ത
ഒരു സ്ഥലം

എവിടെയോ ആരൊക്കെയോ പലായനം
ചെയ്തതിന്റെ അവശേഷിപ്പുകള്‍

തിരിച്ചു വരവിന്റെ പാതയില്‍
ഒരിക്കലും അറിയാത്ത മുഖങ്ങള്‍
പലായനം ഒരിക്കല്‍ നമ്മില്‍ നിന്ന്
തന്നെയാവുന്നു...

ആര്‍ക്കും ആരോടും ഒന്നും പറയാതെ
ഒളിച്ചോടാന്‍ ഒരുപാടു സ്ഥലങ്ങള്‍

നമ്മളില്‍ നിന്നും നമ്മളിലേക്ക്
ഓടി എത്താന്‍ ഒരുപാടു ദൂരം....

ആശുപത്രി വരാന്തകളില്‍ ....
സ്വന്തം കുഞ്ഞിനു മരുന്ന് വാങ്ങാന്‍
വേണ്ടി തന്നെ തന്നെ വിറ്റ ഒരമ്മ ...

ഭര്‍ത്താവിന്റെ ജീവനു വേണ്ടി
ഡോക്ടറുടെ കൂടെ പോയ ഭാര്യ..

മരുന്നിനു കാശില്ലാതെ
അച്ഛന്റെ മരണം പ്രാര്‍ത്ഥിച്ച മകന്‍ ...

സ്വന്തം കുഞ്ഞുങ്ങളെ കൊലപെടുതിയിട്ടു
അവരുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍
റേഡിയോ ഉറക്കെ തുറന്നു വെച്ച മറ്റൊരമ്മ ...

ഒരുമിച്ചു കളിച്ചു ചിരിച്ചു
ഒരേ ആദര്‍ശങ്ങള്‍ പങ്കു വെച്ച
സുഹൃത്തിന്റെ കളികള്‍ തീരാത്ത
മലച്ച കണ്ണ് ...

നാടകത്തില്‍ ജീവിച്ച മറ്റൊരു കൂടുകാരന്റെ
വിധിയുടെ അവസാനത്തെ നാടകം...

അമ്മേ..
ഇനി എന്താവും എന്നെയും
കാത്തിരിക്കുന്നത്‌?


( പ്രിയപ്പെട്ട ജോയല്‍ , അരുണ്‍ നിങ്ങള്‍ ഇവിടെ എവിടെ ഒക്കെയോ ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കട്ടെ..)

Wednesday, April 8, 2009

വഴി പിഴപ്പിനും വയറ്റില്‍ പിഴപ്പിനും ഒരുപാടു വഴികള്‍!!!
ഒടുക്കം എന്താണ് ഒരിക്കലും ഒടുങ്ങി തീരാത്തത്...
ആര്‍ക്കൊക്കെ എവിടെ ഒക്കെ
ഒടുങ്ങി അഥവാ ഒതുങ്ങി തീരാന്‍ പറ്റും..
ഒന്നും അറിയാത്തവന് ഒരിക്കലും
ഒടുക്കത്തിനു മുന്‍പേ നീന്താന്‍ പറ്റില്ല..

ഒഴുക്കും ഒടുക്കവും..
രണ്ടും എവിടെയൊക്കെയോ കൂടി മുട്ടുന്നു..
ആ കൂട്ടി മുട്ടലില്‍ നിന്നും വീണ്ടും
ഒരു വഴി പിളര്‍ച്ച അഥവാ പിഴച്ച...

വഴി പിഴപ്പിനും വയറ്റില്‍ പിഴപ്പിനും
ഒരുപാടു വഴികള്‍.
പെരുവഴിയില്‍ ഇറങ്ങി പേരു പോലും
പറയണ്ടാത്ത ഒരുപാടു വഴികള്‍..
ആ വഴികള്‍ക്കും ഒടുക്കം
ഏതോ ഒരു ഒഴുക്കില്‍ മിഴി മലച്ച്...

Thursday, April 2, 2009ചുട്ടു പൊള്ളുന്ന ഈ വേനലില്‍ ഞാന്‍ കാത്തിരിക്കുന്നത്‌ നല്ലൊരു മഴയെ ആണ്. പണ്ട് നമ്മള്‍ ഒരുമിച്ചു നനയാന്‍ ആശിച്ച ഒരിക്കലും പെയ്യാഞ്ഞ ആ മഴ. നിനക്കോര്‍മ കാണില്ല വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ പോലെ ഒരു വേനല്‍ക്കാലത്ത് നീയും ഞാനും ഒരുമിച്ചുണ്ടായ ഒരു ദിവസം... അന്ന് നമ്മള്‍ പറഞ്ഞത് മുഴുവനും മഴയെ പറ്റി ആയിരുന്നു... ഇപ്പോള്‍ ഈ അഗ്നി പൂക്കുന്ന പകലുകള്‍ എനിക്ക് മുന്നില്‍ തുറന്നിടുന്നതും നമ്മുടെ ജീവിതമാണ്‌... ആര്‍ക്കൊക്കെയോ വേണ്ടി ആദി തീര്‍ക്കുന്ന നമ്മുടെ ജീവിതം... പറയാമായിരുന്നില്ലേ നിനക്കന്നു ഒരു തവണ എങ്കിലും നിനക്കെന്നെ കൂടാതെ ജീവിക്കാന്‍ കഴിയില്ല എന്ന്...


എനിക്കറിയാം ഇപ്പോള്‍ പോലും നീ എന്നെ പ്രണയിക്കുന്നു എന്ന്... അടുക്കാനും അകലാനും കഴിയ്യാതെ ഒരു അവസ്ഥയെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ? അതാണ് ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ... എന്തിനു വേണ്ടി ആയിരുന്നു നമ്മള്‍ ഒരുപാടു മൗനം നമുക്കിടയില്‍ നിറച്ചു വെച്ചത്.... എന്നെങ്കിലും ഒരുപാട് സംസാരിക്കും എന്ന് വിചാരിച്ചത് കൊണ്ടാണോ?


വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മഴ പെയ്യുംമായിരിക്കും... അതില്‍ നമ്മുടെ പ്രണയം ഒലിച്ചു പോയതിന്‍റെ പാടുകള്‍ ഉണ്ടാവും..


സ്നേഹം


ഗൌരി

Thursday, March 12, 2009

പ്രണയം


ഒരിക്കലും പറഞ്ഞു തീരാത്ത ഒന്നായിരുന്നു എന്‍റെ പ്രണയം. നിന്നെ ഇഷ്ടമാണ് എന്ന് ഞാനും എന്നെ ഇഷ്ടമാണ് എന്ന് നീയും ഒരിക്കലും പറഞ്ഞിട്ടില്ല. അത് തന്നെയാണ് നമ്മുടെ ജീവിതവും. അവധിക്കാലങ്ങളില്‍ എഴുതാം എന്ന് നീ ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷെ എല്ലാ പ്രാവശ്യവും എനിക്ക് ആദ്യം വന്ന കത്ത് നിന്‍റെ പേരില്‍ ആയിരു‌നു.. ഒരിക്കലും തുറന്നു നോക്കാതെ തന്നെ എല്ലാം അറിയാന്‍ പറ്റുന്ന ഒരു പുസ്തകം പോലെ ആയിരുന്നു നമ്മള്‍.... എവിടെയൊക്കെയോ വെച്ച് നമുക്ക് നമ്മളെ തന്നെ നഷ്ടമാവുന്ന വരെ... ഇനി എങ്ങിലും നീ എനിക്ക് ഒരു സൂചന തരിക...

Tuesday, March 10, 2009


മഴക്കാലം


മഴക്കാലം എന്നും എനിക്ക് ഒരു പനിക്കാലം ആയിരുന്നു. ഓര്‍മകളില്‍ എന്നും എന്നെ നനച്ചു പോയ ഒരുപാട് മഴക്കാലങ്ങള്‍.... കുട്ടിക്കാലത്തെ മഴക്കാലങ്ങള്‍ എന്നും നരച്ച മേഘങ്ങളെ നോക്കി നരച്ചു പോയ ഒരു ജീവിതം....പിന്നെ മഴ വന്നത് എന്‍റെ കാമുകനായി.... പിന്നെ ഞങ്ങളുടെ പ്രണയം...ജന്മാന്തരങ്ങള്‍ക്ക്‌ അപ്പുറം മഴ പെയ്യാന്‍ തുടങ്ങിയത് ഞങ്ങള്‍ അറിയുകയായിരുന്നു....

Monday, March 9, 2009

മ -ഴ-മ-ര-ണം

മഴ...
മഴമണം.....
മണം.....
മരണം.....
രണം......

ഒടുവില്‍,

മൗനം...