പറയാതെ നീയെന്നെ അറിഞ്ഞിരുന്നുവെങ്കില്‍, എന്റെ കണ്പീലികള്ക്കിടയില് ഊറിക്കിടക്കുന്ന സ്വപ്നങ്ങളെ നീയൊന്നു തൊട്ടുവെങ്കില്‍ അത്ര മതിയായിരുന്നു എനിയ്ക്ക്. ഞാനൊന്നു മിണ്ടാതെയിരുന്നാല് ഒരു നോട്ടം കൊണ്ട് നീയെന്നെ വാചാലയാക്കുന്ന നിമിഷം. ആ നിന്നെ . അതാണ് എന്നെന്റെ സങ്കല്പം. വര്‍ണ സങ്കല്പ്പങ്ങളില്ലെങ്കിലും ആകാശത്തിന്റെ നീലിംയിലാണ് നീയെനിക്ക് ചിത്രങ്ങള്‍ വരച്ചു തന്നത്. മുറ്റത്ത് ചിത്രം വരയ്ക്കുന്ന നിലാവിന്റെ കുഞ്ഞുങ്ങളെ ഒരു നിലാവുള്ള രാത്രിയില്‍ നീയാണ് എനിക്ക് കാണിച്ചു തന്നത്. നിനക്കാണ് ഞാനെന്റെ കവിതകള്‍ കണ്ണുനീരിലെഴുതിയത്. ഉറക്കത്തിന്റെയും ഉറക്കപ്പിച്ചുകളുടെയും നടുവില്‍ നിന്നാണ് പലപ്പോഴും നീയെന്നെ സ്വതന്ത്രയാക്കുന്നത്. നീ പാടിത്തന്ന പാട്ടുകളെല്ലാം ഞാനെന്റെ ഹൃദയത്തില്‍ മുറുക്കെപ്പിടിച്ചു വെച്ചിട്ടുണ്ട്. ആരും കട്ടു കൊണ്ട് പോവാതെ തന്നെ. നീയെന്നും എന്റെ അടുത്തുണ്ടാവുമെങ്കില്‍ എന്റെയെല്ലാ സങ്കടങ്ങളും നമ്മുടെ അരികില്‍ തന്നെ ഉരുകിത്തീരുമായിരുന്നു എന്റെ ഹൃദയം അതിലുറങ്ങി കിടക്കുന്ന സ്നേഹം മറ്റാര്‍ക്കും അത് നല്കാന് എനിക്ക് കഴിയിലെന്ന സത്യം നിനക്ക് മാത്രമേ അറിയൂ.
ഞാനൊരിക്കലും നിന്നെ പ്രണയിച്ചിട്ടില്ല. പക്ഷെ ഇപ്പൊ ഞാന്‍ നിന്നെ പ്രണയിക്കാന്‍ തുടങ്ങുന്നുണ്ട്. എനിയ്ക്ക് അതറിയാന്‍ കഴിയുന്നുമുണ്ട്.
ഇന്നലെ ഞാന്‍ കണ്ട ഒരു സ്വപ്നത്തിലാണ് നീ കടന്നു വന്നത്. ആകാശ ഗോപുരങ്ങള്‍ക്കിടയില്‍ നിന്ന് നീയെനിക്കൊരു പാട്ട് പാടിത്തന്നു.. ഞാനോ നിനക്കായി സ്വപ്നങ്ങളുടെ ഒരു കൊട്ടാരം തന്നെ പടുത്തുയര്‍ത്തി. പാട്ടുകളുടെ ലോകത്ത് നീയും സ്വപ്നങ്ങളുടെ ലോകത്ത് ഞാനും. ഇടനാഴിയിലെ പതിഞ്ഞ പാട്ടിന്റെ വരികളിലൂടെയാണ് നീ എന്റെ സ്വപനങ്ങളിലെക്ക് കയറി വന്നത്. ആരോ പറഞ്ഞിട്ട് പരിചയം ഭാവിച്ചതല്ല നമ്മള്. ജീവന്റെ തുടിപ്പിനൊരു താളമുണ്ടെന്ന വാദത്തിനു, അതിനു എന്റെ സംഗീതം നല്‍കാമെന്ന് പറഞ്ഞത് നീയായിരുന്നു. നിന്റെ വരവും കാത്ത് കാമ്പസിന്റെ മരത്തണലില്‍ ഞാനിരുന്നിട്ടുണ്ട്. ഇല കൊണ്ട് മൂടിയ ഇരിപ്പിടങ്ങള്‍ക്കിടയിലൂടെ ചോനനുറുമ്പുകള് വരിവരിയായി നടന്നു നീങ്ങിയപ്പോള്‍ ഞാന്‍ ഓര്‍ത്തത് നമ്മളെ പറ്റിയായിരുന്നു. എനിക്ക് നിന്നോടത് പറയണമെന്നുണ്ട്. പക്ഷെ ഒരിക്കലും നിന്നോടത് പറയാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ മൌനങ്ങള്‍ സമ്മതങ്ങളായി കാണാനും നിനക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. കാരണം ഞാനൊരിക്കലും നിന്റെ മുന്നില്‍ മൌനത്തിന്റെ വാത്മീകം അണിഞ്ഞിട്ടില്ല.വേദനകളുടെ ലോകം എനിയ്ക്ക് പണ്ടെന്നോ കിട്ടിയതാണ്, ആരോ എനിക്കായി മറന്നു വെച്ചത് പോലെ. നീയെന്നോടും ഞാന്‍ നിന്നോടും ചെയ്ത തെറ്റുകള്‍ക്ക് നമുക്ക് മാപ്പ് ചോദിക്കണ്ട. എന്റെ തെറ്റിന് പകരമായി ഞാന്‍ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് നീ വീണ്ടും എന്നെ ശിക്ഷിച്ചിരിക്കുകയാണ്.
ആകാശങ്ങളുടെ ചതുരങ്ങളില്‍ നിന്നും നമുക്ക് വഴി തിരിയാം. വൃത്തങ്ങളുടെ മഷിയില്‍ മുക്കി നമുക്ക് ദിക്കുകള്‍ തേടി പുറപ്പെടാം. ചതുര്ഭുജങ്ങള്ക്കിടയില് നിന്നും കടലിനെ സ്വതന്ത്രമാക്കാം. എല്ലാ പുസ്തകങ്ങളിലെയും അവസാനത്തെ പേജ് എനിക്കായി നീക്കി വെക്കപ്പെട്ടതാണ്. അന്യാധീനപ്പെട്ട ഏതോ ഒരു വന്‍കരയില്‍ ഞാനെന്റെ കണ്ണുകളും ഹൃദയവും മറന്നു വെച്ചിട്ടുണ്ട്. അന്നും ഇന്നും ഞാനോര്‍ക്കുന്ന മരങ്ങള്‍, പൂക്കള്‍, സുഹൃത്തുക്കള്‍ എല്ലാം ഇപ്പോളും എന്റെ സ്വന്തം എന്ന് ചിന്തിച്ചു ഞാനെന്റെ മുറിയില്‍ ഉറങ്ങാതെ ഇരിക്കുന്നു. ഒരു മിന്നലിന്റെ ഊര്‍ജരേണുക്കള്‍ പാറി വീണു ഓര്‍മയുടെ കുഴിമാടങ്ങള്‍ ഉയിര്ത്തെഴുന്നെല്ക്കുന്നു . വാക്കുകള്‍ ചെക്കേറുന്നിടങ്ങളില് പറയാനുള്ള പലതും ബോധപൂര്‍വ്വം ഞാന്‍ മറക്കാറുണ്ട്. വീണു പോയ വഴിയടയാളങ്ങളില്‍ നിന്നും ഇനിയും പലതും എനിക്ക് പഠിക്കാനുണ്ട്.
മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ് ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .
മഴക്കാലം മഴക്കാലം എന്നും എനിക്ക് ഒരു പനിക്കാലം ആയിരുന്നു. ഓര്‍മകളില്‍ എന്നും എന്നെ നനച്ചു പോയ ഒരുപാട് മഴക്കാലങ്ങള്‍.... കുട്ടിക്കാലത്തെ മഴക്കാലങ്ങള്‍.... എന്നും നരച്ച മേഘങ്ങളെ നോക്കി നരച്ചു പോയ ഒരു ജീവിതം....
മഴ അതെന്നും എന്റെ കൂടെ ഉണ്ടായിരുന്നു... നഴ്സറി ക്ലാസ്സുകളില്‍ മഴ പെയ്യാന്‍ വേണ്ടി ഒരുപാട് ആശിച്ചിട്ടുണ്ട്... എന്റെ പുള്ളികുടയും ചൂടി ഏതൊക്കെയോ വഴികളിലൂടെ യാത്ര ചെയ്തിട്ടുമുണ്ട്... പിന്നെ സ്കൂളിലെ മഴക്കാലങ്ങള്‍ ഒരിക്കലും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല.. ഒരിക്കല്‍ പോലും യൂണിഫോം നനയ്ക്കുന്ന ഒരു വില്ലനായി മഴ കടന്നു വന്നിട്ടില്ല.. മഴ കൊണ്ട് വന്നതിനു അമ്മയോട് അടി കിട്ടിയ ദിവസങ്ങള്‍ ഒരുപാടുണ്ട്... അന്നൊക്കെ മഴ എന്റെ കൂട്ടുകാരന് ആയിരുന്നു... തോണിയുണ്ടാക്കാന്‍ ഞാനും അത് മുക്കി കളയാന്‍ മഴയും...
പിന്നീട് മഴ ചുരുങ്ങുകയും ഞാന്‍ വലുതാവുകയും ചെയ്തു... എന്നിട്ടും കോളേജിലെ ഇടനേരങ്ങളില്‍ അങ്ങ് ദൂരെ കുന്നിന്‍പുറത്ത് പെയ്യുന്ന മഴയെ നോക്കി നിന്ന ഒരു നല്ല കാലം... എല്ലാ ദിവസവും മഴ പെയ്യുമ്പോള്‍ കാന്റീനില്‍ നിന്നും ശങ്കരേട്ടന്റെ ചൂടുള്ള കാപ്പിയും കുടിച്ച് എന്നെ പിടിക്കാന്‍ കിട്ടില്ല എന്നാ ഭാവത്തോടെ ക്ലാസിലേക്ക് ഓടി കയറുന്ന എന്റെ പിറകെ ഓടി വന്നു നനച്ച മഴ.... അറുബോറന്‍ പ്രാക്ടികള്‍ ക്ലാസ്സുകളില്‍ ലാബിന്റെ ജനലും തുറന്നു വെച്ച് മഴ കണ്ടിട്ടുണ്ട്.. എന്റെ മഴയോടുള്ള പ്രണയം അറിയാവുന്ന കൂട്ടുകാരന് എനിക്ക് സമ്മാനമായ് തന്നതും ഒരു മഴ പുസ്തകമാണ്... Chasing the monsoon by alexander frater. പക്ഷെ എനിക്കും മഴയെ പറ്റി അറിയാനും വായിക്കാനും എന്നും ഇഷ്ടം മലയാളം ആണ്... ഒരു മഴക്കോട്ടു പോലെ... കോളേജ് ലൈബ്രറി ക്കുള്ളില് ഞാനും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും... അതൊരു മഴക്കാലം ആയിരുന്നു....
മഴയെ ഒരുപാടു പ്രണയിച്ച Victor george വെണ്ണിയായനിയിലെ ഉരുള്‍ പൊട്ടലില്‍ ലോകത്തോട് യാത്ര പറഞ്ഞപ്പോള്‍ ഞാനും ഒരുപാടു വിഷമിച്ചിട്ടുണ്ട്... പിന്നീട് വിക്ടര്‍ ന്റെ മഴച്ചിത്രങ്ങള്‍ കാണാന്‍ കോഴിക്കോട് പോയതും ഒരു വേദനിപ്പിക്കുന്ന ഓര്മ....
ഇപ്പോള്‍ അതി രാവിലെ പോയി രാത്രി തിരിച്ചു വരുന്നതിനിടയില്‍ മഴയെ കാണാനോ അറിയാനോ പറ്റാറില്ല... ഇവിടെ മഴ ഇടയ്ക്കിടെ വന്നു മുഖം കാണിച്ചു പോകുന്ന ഒരു വിരുന്നുകാരനെ പോലെയാണ്... രാത്രി ഏറെ നേരം വൈകി ഇറങ്ങുമ്പോള്‍ ആവും അറിയുന്നത് പുറത്തു മഴ പെയ്തിരുന്നു എന്ന് ... ഞാനും മഴയും ഒരുപാടു മാറിയിരിക്കുന്നു... എന്നാലും എന്റെ മനസ്സില്‍ ഇപ്പോളും ഞാന്‍ സൂക്ഷിക്കുന്നുണ്ട് മഴ നനയാനായി ഒരിടം...
ഒരു ചതുരംഗപ്പലകയില്‍ ഒരേ കരുക്കള്‍ക്ക് ചുറ്റും ഞാനും നീയും... രാജാവും റാണിയും നമ്മളെ നോക്കി പല്ലിളിച്ചു കാണിച്ചു.... കാലാള്‍ പട എന്നേ എന്നെ പരാജയപെടുത്തി തേരും കുതിരയും ആനയും എല്ലാം എവിടെയോ.... എല്ലാ കരുക്കളും നമ്മളെ വിട്ടു ഓടിപ്പോയപ്പോളും നമുക്ക് സ്വന്തം ആ പലക മാത്രം കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങള്‍ക്കുമപ്പുറം രാത്രിയെയും പകലിനെയും കുറിച്ച് നമ്മളെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു... ഇന്നും ഓരോ ഉറക്കത്തിന്റെ ഞെട്ടലിലും നമുക്ക് കൂട്ട് ആ പലക മാത്രം... ഇനിയൊരിക്കലും സ്വന്തം സ്ഥാനം തിരിച്ചു കിട്ടാത്ത അതും നമ്മളും...